നമുക്കെല്ലാവർക്കും കാണും സ്കൂൾ കാലത്ത് തുടങ്ങി പിന്നെ പൊലിഞ്ഞുപോയ ഒരു പ്രണയം… റിയാലിറ്റി ഷോകളിലൂടെ മനം കവർന്ന് സാധാരണക്കാരിയായി മലയാളികളുടെ മനസ്സിലേക്ക് കടന്നുവന്ന നടിയാണ് വിൻസി അലോഷ്യസ്. ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും വിൻസിയായിരുന്നു. റെഡ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ വിൻസി തന്റെ സ്കൂൾ കാല പ്രണയകഥ പങ്കുവച്ചു.
പ്ലസ് റ്റു പഠനകാലം. വിൻസിയുടെ ആദ്യ പ്രണയം. അക്കാലത്ത് പൊതുവെ ആരുടെ കയ്യിലും മൊബൈൽ ഫോണുകൾ സുലഭമല്ല. പക്ഷെ വിൻസിയുടെ കാമുകന്റെ കയ്യിൽ ഒരു മൊബൈലുണ്ട്. വിൻസി കാമുകനോട് പറഞ്ഞ് ഒരു ചെറിയ നോക്കിയ മൊബൈൽ വാങ്ങുന്നു. അക്കാലത്തെ എല്ലാ കാമുകീകാമുകന്മാരേയും പോലെ, മൊബൈൽ കിട്ടിയശേഷം രാത്രി മുഴുവനും ഫോൺ വിളികളും മെസ്സേജുകളും. ഫോൺ കയ്യിലുള്ളത് വീട്ടിൽ ആർക്കും അറിയില്ല. ഒരു ദിവസം രാത്രി ഫോൺ വിളിയ്ക്കുന്നതിനിടെ അമ്മ വിളിയ്ക്കുന്നു. ഭക്ഷണം കഴിക്കാനാണ്. വിൻസി മൊബൈൽ ഡ്രെസ്സിനുള്ളിൽ ഒളിപ്പിച്ച് ഭക്ഷണം കഴിക്കാൻ അടുക്കളയിലേക്ക് പോകുന്നു. പക്ഷെ… അടുക്കളയിലേക്ക് പോകുന്ന സമയത്ത് ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അതോടെ കയ്യിൽ മൊബൈൽ ഫോണുള്ള കാര്യവും പ്രണയവും വീട്ടിലറിഞ്ഞു. ഇനി മേലാൽ ഇതുപോലെ ചെയ്യരുതെന്നും ഫോൺ തിരികെ ഏൽപ്പിക്കണമെന്നും അമ്മ. അടുത്ത ദിവസം തന്നെ ഫോൺ തിരികെ കൊടുത്താലല്ലാതെ വീട്ടിൽ കയറാൻ പറ്റില്ല. അമ്മ പറഞ്ഞതുപോലെതന്നെ വിൻസി ഫോൺ തിരികെ കൊടുക്കുന്നു. പക്ഷെ കഥ തീരുന്നില്ല. പ്രണയം തുടരുന്നു.
ഇനി ഇതുപോലെ അബദ്ധം പറ്റാതിരിക്കാൻ വളരെ ശ്രദ്ധിച്ച് വിൻസി വീണ്ടും മൊബൈൽ ഫോൺ വീട്ടിലേക്ക് കൊണ്ടുവരുന്നു. അന്നു രാത്രി മുതൽ വീണ്ടും പഴയ പോലെ ഫോൺ വിളി. സംസാരത്തിനിടയിൽ തമ്മിൽ പറഞ്ഞ എന്തോ ഒരു തമാശ. രണ്ടുകൂട്ടർക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. ചിരി കുറച്ച് ഉറക്കെയായിപ്പോകുന്നു. അന്നൊന്നും മുറിയുടെ വാതിൽ രാത്രി അടച്ചു കിടക്കാൻ വീട്ടിൽ നിന്ന് സമ്മതമില്ലായിരുന്നു. ചിരി ഉറക്കെ ആയെന്ന് തോന്നിയപ്പോൾ വിൻസി പതിയെ വാതിലിനടുത്തേക്ക് ചെന്നു നോക്കി. വാതിൽക്കൽ ചെന്നു നോക്കുമ്പോൾ അവിടെ നാലു കാലിൽ ഒരാൾ…അപ്പൻ… വീട്ടിൽ വീണ്ടും അറിയുന്നു… വീണ്ടും പ്രശ്നങ്ങൾ…
ഇത്തരത്തിൽ നമുക്ക് ഓരോരുത്തർക്കും ഓരോ കൗമാരകാല പ്രണയങ്ങൾ ഉണ്ടായിരിക്കും. വളരെ സാധാരണ കുടുംബാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന വിൻസി അലോഷ്യസ് സിനിമാസ്വാദകർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു മുഖമാണ്. സാധാരണക്കാരന് കൂടുതൽ റിലേറ്റബിൾ ആയ അനുഭവങ്ങളും സംഭാഷണവും അസാധാരണമായ അഭിനയമികവും വിൻസിയ്ക്ക് കൂടുതൽ ആരാധകരെ നൽകുന്നുണ്ട്. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് വിൻസി അലോഷ്യസ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിനർഹയായത്.