പ്രണയകാലം എന്ന സിനിമയിലെ വേനൽപ്പുഴയിൽ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടനാണ് അജ്മൽ. അമൽ നീരദുൾപ്പടെ പല സംവിധായകരും ആ പാട്ടിനു ശേഷം അജ്മലിനെ തങ്ങളുടെ സിനിമകളിൽ അഭിനയിക്കാൻ വിളിച്ചിരുന്നു. എന്നാൽ അജ്മൽ അതിനുശേഷം മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ല.
തമിഴിൽ മിഷ്കിൻ സംവിധാനം ചെയ്ത അഞ്ചാതെ എന്ന സിനിമയിലൂടെയാണ് പിന്നീട് അജ്മൽ ശ്രദ്ധിക്കപ്പെട്ടത്. അഞ്ചാതെ അജ്മലിനെ മറ്റു ഭാഷകളിൽ കൂടി അറിയപ്പെടാനും കൂടുതൽ അവാർഡുകൾ നേടാനും സഹായിച്ചു. പ്രണയകാലം ചെയ്തതിനുശേഷം അജ്മലിനെ തേടി അനേകം പ്രണയകഥകൾ തേടി വന്നു. അജ്മൽ മലയാളത്തിൽ ചെയ്ത മാടമ്പി എന്ന ചിത്രത്തിലും പ്രണയം കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് അജ്മലിന് ലഭിച്ചത്. എന്നാൽ, കൂടുതൽ വ്യത്യസ്തമായ റോളുകൾ കൈകാര്യം ചെയ്യാൻ ആഗ്രഹിച്ചാണ് അജ്മൽ തമിഴിലേക്ക് ചേക്കേറിയത്. കൂടുതൽ പവർഫുൾ ആയ കഥാപാത്രങ്ങൾ തന്നെ തേടി വരാനായി അജ്മൽ കാത്തിരുന്നു. അപ്പോഴാണ് മിഷ്കിൻ അഞ്ചാതെ എന്ന സിനിമയുമായി അജ്മലിനെ തേടിയെത്തുന്നത്. അഞ്ചാതെയിലെ കഥാപാത്രത്തിന് എത്രത്തോളം റീച്ച് കിട്ടുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നെങ്കിലും മിഷ്കിൻ എന്ന സംവിധായകനിലുള്ള വിശ്വാസമാണ് അജ്മലിനെ അഞ്ചാതെയിലേക്കെത്തിച്ചത്. അജ്മലിന്റെ നിലനിൽക്കുന്ന പ്രണയഹീറോ ഇമേജുകൾ മുഴുവനായും മാറ്റിമറിക്കാൻ അഞ്ചാതെ എന്ന സിനിമയ്ക്കായി. പലതരം കഥാപാത്രങ്ങൾ തമിഴിൽ അജ്മലിനെ തേടിയെത്തുന്നു. കോവിൽ എന്ന സിനിമയ്ക്കു ശേഷം പ്രണയഹീറോ വില്ലനാവുന്നു. തമിഴിൽ അജ്മലിന് മേൽക്കുമേൽ സിനിമകൾ വരുന്നു. പക്ഷെ ഓരോന്നും വില്ലൻ കഥാപാത്രങ്ങൾ. അവിടെനിന്നും അജ്മൽ വിട്ടുനിൽക്കുന്നു. വില്ലൻ റോളുകളിൽ നിന്ന് രക്ഷനേടാൻ അജ്മൽ തെലുങ്കിലേക്ക് പോകുന്നു. എല്ലാം നായകവേഷങ്ങൾ. എന്നാൽ അതൊന്നും കേരളത്തിൽ അറിയപ്പെട്ടില്ല. ആക്ഷൻ ഹീറോ റോളുകൾക്ക് ശേഷം മലയാളത്തിലേക്ക് വന്നപ്പോഴും അജ്മൽ അറിയപ്പെട്ടത് പ്രണയകാലത്തിലെ നായകനായും മാടമ്പിയിലെ വേഷത്തിലൂടെയുമായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിൽ കൂടുതൽ മെച്ചപ്പെട്ട വേഷങ്ങൾ കിട്ടുന്നുണ്ടെന്നും അജ്മൽ പറഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്യപ്പെട്ട അഭ്യൂഹം അത്തരത്തിൽ ഒരു സിനിമയാണ്. അഖിൽ ശ്രീനിവാസ് ആണ് സിനിമയുടെ സംവിധായകൻ. അഭ്യൂഹം അജ്മലിന് മലയാളസിനിമയിൽ ഒരു പുത്തൻ ഉണർവ്വ് നൽകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.