പ്രേമം പോലെയുള്ള സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് വിനയ് ഫോർട്ട്. വിനയ് ഫോർട്ടിന്റെ ശബ്ദത്തിലെ പ്രത്യേകത അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്നത് വിനയ് ഫോർട്ടിന്റെ ലുക്ക് ആണ്. രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ നിവിൻ പോളിക്കും ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.
നാസ എന്നെഴുതിയ ടീ ഷർട്ടും പ്രത്യേക തരം മീശയും വിഗ്ഗുമായിരുന്നു വിനയ് ഫോർട്ടിന്റെ വേഷം. തന്റെ വരാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പിലാണ് താനിപ്പോൾ എന്നാണ് താരം പ്രതികരിച്ചത്. സെപ്റ്റംബർ അവസാനം വരെ ഇതേ ലുക്കിൽ തുടരേണ്ടി വരുമെന്നാണ് വിനയ് പറയുന്നത്.


എന്നാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ആരെയും ചിരിപ്പിക്കുന്ന വിനയ് ഫോർട്ടിന്റെ ലുക്ക് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ മീം പ്രവാഹമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതു മീമിലും ചേർത്തു വയ്ക്കാവുന്ന തല എന്ന തലക്കെട്ടോടെ ചിത്രം പല പല മീമുകളിലും നിറഞ്ഞു നിൽക്കുകയാണ്.
അവിടെയും താരം വിനയ് ഫോർട്ടിന്റെ മുഖഭാവവും മീശയും തന്നെയാണ്. ഉമ്മൻ കോശി, ചാർളി ചാപ്ലിൻ, പറക്കും തളികയിലെ കല്യാണപ്പയ്യൻ, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നു തുടങ്ങി വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് എവിടെയും ഒത്തുപോകും എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. നടൻ അജു വർഗീസ് വിനയ് ഫോർട്ടിന്റെ ചിത്രം ഉമ്മൻ കോശി എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരുന്നു.
അപ്പൻ സിനിമ സംവിധാനം ചെയ്ത മജുവിന്റെ പുതിയ സിനിമയ്ക്കായാണ് വിനയ് ഈ ലുക്കിൽ എത്തിയിരിക്കുന്നത്. വെപ്പുമീശ വയ്ക്കാമോ എന്ന് ചോദിച്ചു നോക്കിയെങ്കിലും സംവിധായകൻ അത് അനുവദിച്ചില്ല. അതിനാലാണ് ഈ ലുക്കിൽ എത്തിയത് എന്ന് വിനയ് ഫോർട്ട് പറയുന്നു. എന്നാൽ ഈ ലുക്ക് യഥാർത്ഥത്തിൽ സഹായിച്ചത് രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയ്ക്കാണ്. കാര്യമായ പ്രൊമോഷനുകൾ ഒന്നും നടക്കാതിരുന്ന സിനിമ വിനയ് ഫോർട്ടിന്റെ ഈ ലുക്കോടെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ദുൽഖർ സൽമാൻ തന്റെ സിനിമയ്ക്കായി ഓടിനടന്ന് പ്രൊമോഷൻ ചെയ്തു, എന്നാൽ വിനയ് ഫോർട്ട് അത് ഒറ്റ ഇരിപ്പിൽ ചെയ്തു എന്ന് ട്രോളന്മാർ.