സ്ത്രീകൾ കീഴടക്കിയ ബോക്സ് ഓഫീസ്

സിനിമാ കാണികളെല്ലാം കാത്തിരുന്ന ബാർബിയും ഓപ്പൻഹെയ്മറും തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ബാർബി ഇതിനകം തന്നെ ഓപ്പൻഹെയ്മറിനെക്കാൾ സാമ്പത്തികവിജയം നേടിക്കഴിഞ്ഞു. നായികാപ്രാധാന്യമുള്ള സിനിമകൾ വൻ താരനിരയുള്ള മറ്റു സിനിമകളെ വെല്ലുന്ന സന്ദർഭങ്ങൾ മലയാളത്തിലുമുണ്ടായിട്ടുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

ടേക്ക് ഓഫ്

തീയറ്റർ കീഴടക്കിയ ഹണി ബീയുടെ രണ്ടാം ഭാഗം വരുന്ന അതേ ദിവസം റിലീസ് ചെയ്ത സിനിമ. ടേക്ക് ഓഫ് നേടിയത് ബോക്സ് ഓഫീസിൽ 25 കോടിയാണ്. 125 ദിവസം തീയറ്ററുകൾ നിറഞ്ഞോടിയ സിനിമ. യുദ്ധത്തിനിടെ നാട്ടിലേക്ക് മടങ്ങി വരാനാകാതെ ഇറാഖിൽ കുടുങ്ങിപ്പോയ ഒരുകൂട്ടം നഴ്സുമാരുടെ കഥ. പാർവതി തിരുവോത്ത് പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന ഈ സിനിമ ഒരു സർവൈവൽ ത്രില്ലറാണ്.

ഉയരെ

2019 മലയാളത്തിൽ ഹിറ്റുകളുടെ വർഷമായിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ലൂസിഫർ, വയറസ്, ഉണ്ട തുടങ്ങി സൂപ്പർ താരങ്ങൾ അരങ്ങുവാണ വർഷം. ആ വർഷം ഇറങ്ങിയ മലയാളം സിനിമകളിൽ കുമ്പളങ്ങി നൈറ്റ്‌സിനും ലൂസിഫറിനും ശേഷം ഏറ്റവും കളക്ഷൻ നേടിയ സിനിമ ഉയരെ ആയിരുന്നു. യു എ ഇ റിലീസിൽ അവഞ്ചേഴ്‌സ് എൻഡ് ഗേമിനു തൊട്ടു താഴെയായിരുന്നു ഉയരെയുടെ കളക്ഷൻ. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന വനിതാ പൈലറ്റായ പല്ലവിയുടെ കഥയാണ് ഉയരെ.

ജൂൺ

2019 ൽ തന്നെയാണ് 15 പുതുമുഖ താരങ്ങളുമായി നായികാ പ്രാധാന്യമുള്ള സിനിമയായ ജൂൺ റിലീസ് ആവുന്നത്. രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂൺ 100 ദിവസം തീയറ്ററുകളിൽ നിറഞ്ഞോടി. കൗമാരം മുതൽ യൗവനം വരെയുള്ള ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതവും പ്രണയങ്ങളും സൗഹൃദങ്ങളുമാണ് സിനിമയുടെ പ്രമേയം. 

ഹൗ ഓൾഡ് ആർ യൂ

കാലങ്ങൾക്കുശേഷം മഞ്ജു വാര്യരുടെ തിരിച്ചു വരവ്. നായികാ പ്രാധാന്യമുള്ള സിനിമകൾക്കുള്ള മിനിമം ഗ്യാരന്റിയാണ് മഞ്ജു വാര്യർ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിനൊപ്പം തന്നെ ഹൗ ഓൾഡ് ആർ യൂവും തീയറ്ററുകൾ കീഴടക്കി. പിന്നീട് കൂടുതൽ നായികാ പ്രാധാന്യമുള്ള സിനിമകളുടെ റിലീസിനും വിജയത്തിനും ഈ സിനിമ വഴിയൊരുക്കി. 25 ദിവസം കൊണ്ട് കേരളത്തിൽ മാത്രം 5 കോടിയാണ് സിനിമ സ്വന്തമാക്കിയത്.

ജയ ജയ ജയ ജയ ഹേ

ദർശന രാജേന്ദ്രൻ കേന്ദ്രകഥാപാത്രമായി വരുന്ന ജയ ജയ ജയ ജയ ഹേ കേരളത്തിലെ തീയറ്ററുകളെ ഇളക്കിമറിച്ച സിനിമയായിരുന്നു. 25 ദിവസം കൊണ്ട് 45 കോടിയായിരുന്നു ജയ ജയ ജയ ജയ ഹേ യുടെ കളക്ഷൻ. ഇന്നുവരെ മലയാളത്തിലെ സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ കളക്ഷനുകളിൽ ഒന്നാണ് ഇത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന ഗാർഹിക പീഡനമാണ് സിനിമയുടെ പ്രമേയം. സാമൂഹികപ്രസക്തിയോടൊപ്പം തന്നെ അടുത്ത കാലത്ത് റിലീസ് ആയ സിനിമകളിൽ ഏറെ ചിരിപ്പിക്കുന്ന ഒന്നുകൂടിയായിരുന്നു ജയ ജയ ജയ ജയ ഹേ.

പഞ്ചാഗ്നി

ഗീത പ്രധാന കഥാപാത്രമായി വരുന്ന സിനിമയാണ് പഞ്ചാഗ്നി. അക്കാലത്തെ സിനിമകളുടെ പൊതുസ്വഭാവത്തിൽനിന്നു മാറി, നായികാപ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു പഞ്ചാഗ്നി. എന്നാൽ സിനിമ സ്വീകരിക്കപ്പെട്ടു. 200 ദിവസം തീയറ്ററിൽ നിറഞ്ഞോടിയ പഞ്ചാഗ്നി ആ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു. പരോളിനിറങ്ങുന്ന നക്സൽ പ്രവർത്തകയായ ഇന്ദിരയുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.

Related articles

Share article

Latest articles

Stay connected