സിനിമാ സൗഹൃദങ്ങളെ ഓർത്ത് ഇന്ദ്രൻസ്

പഴയകാല സിനിമാ സൗഹൃദങ്ങളെ ഓർത്ത് ഇന്ദ്രൻസ്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനു പുറമെ ദേശീയ തലത്തിൽ അഭിനയത്തിന് പ്രത്യേക പരാമർശം കൂടി നേടിയിരിക്കുകയാണ് ഇന്ദ്രൻസ്. മലയാള സിനിമയിൽ വസ്ത്രാലങ്കാരത്തിലൂടെ കടന്നു വന്ന ഇന്ദ്രൻസ് പിന്നീട് അഭിനയത്തിലും ചുവടുറപ്പിക്കുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതി മൂലം മിക്കവാറും ഹാസ്യകഥാപാത്രങ്ങളായിരുന്നു ഇന്ദ്രൻസിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ അതിൽ നിന്ന് മാറി ഇപ്പോൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഇന്ദ്രൻസിന്റെ തേടി വരുന്നുണ്ട്.

ആദ്യ സമയങ്ങളിൽ കുടക്കമ്പി, നീർക്കോലി, നത്ത് പോലെയുള്ള കഥാപാത്രങ്ങളാണ് ഇന്ദ്രൻസിന് ലഭിച്ചിരുന്നത്. ഒരുപാട് പേരുടെ ഇടയിൽ നിന്ന് ഇത്തരം തമാശകൾ പറയുമ്പോൾ ആദ്യ സമയങ്ങളിലെല്ലാം തനിക്ക് ഒരു ചമ്മൽ തോന്നിയിരുന്നു; എന്നാൽ സാധാരണ ഗതിയിൽ ഇത്തരം തമാശകൾ താൻ ആഘോഷിക്കുകയാണ് പതിവ്. ആ വേഷം തനിക്ക് യോജിച്ചതുകൊണ്ടാണ് അത് എല്ലാവരും സ്വീകരിച്ചത് എന്ന് താൻ പിന്നീട് മനസ്സിലാക്കി എന്നും ഇന്ദ്രൻസ് പറയുന്നു.

ഒരിക്കൽ ഇന്ദ്രൻസ് ഇതിനെപ്പറ്റി തന്റെ കൂട്ടുകാരനോട് സംസാരിച്ചപ്പോൾ കിട്ടിയ മറുപടി, “ആരെയും പറഞ്ഞിട്ട് കാര്യമില്ല. നിന്റെ മുഖത്ത് നോക്കിയാൽ ഏതൊക്കെയോ ജീവിയുടെ ഛായയുണ്ട്” എന്നാണ്. അത് അന്ന് ആ സുഹൃത്ത് ഹാസ്യരൂപേണ പറഞ്ഞതാണ്. എല്ലാവരും ഈ തമാശയിൽ ചിരിച്ചുവെങ്കിലും ഈ വിഷയം ഇന്ദ്രൻസ് പിന്നീട് ആലോചിച്ചു. ഓരോ വ്യക്തികളെയും അടയാളപ്പെടുത്താനോ ഓർമപ്പെടുത്താനോ വേണ്ടി കാണുമ്പോൾ മനസ്സിൽ തോന്നുന്ന എന്തെങ്കിലും ഛായ ഉപയോഗിക്കാറുണ്ട്. എന്നാൽ അതെല്ലാം ഇനിയുള്ള കാലത്ത് വലിയ അപകടമായിരിക്കും എന്ന് ഇന്ദ്രൻസ് സൂചിപ്പിച്ചു.

ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, മാള അരവിന്ദൻ തുടങ്ങിയ അഭിനയപ്രതിഭകളോടൊടൊപ്പം തന്റെ സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഇന്ദ്രൻസ്. ആ വലിയ കലാകാരന്മാരെയെല്ലാം ഇപ്പോഴും താൻ ഓർക്കാറുണ്ട്. എന്നാൽ കഴിഞ്ഞു പോയ ആ കാലം നേരിൽ അനുഭവിച്ചറിയാൻ സാധിച്ചത് തന്റെ വലിയ ഭാഗ്യമായാണ് ഇന്ദ്രൻസ് കണക്കാക്കുന്നത്.

എന്നാൽ ആ കളമല്ല ഇപ്പോൾ സിനിമയിൽ കളിക്കാനുള്ളത്. ഇപ്പോഴത്തെ തലമുറയിൽ നിന്ന് ഏറെ കാര്യങ്ങൾ തനിക്ക് പഠിക്കാൻ സാധിക്കുന്നുണ്ട് എന്ന് ഇന്ദ്രൻസ് പറയുന്നു. എന്നാൽ പല സീനുകൾ ചെയ്യുമ്പോഴും അതിനു സമാനമായ രംഗങ്ങൾ സീനിയർ താരങ്ങളോടൊപ്പം ചെയ്തത് ഇന്ദ്രൻസ് ഓർക്കാറുണ്ട്. ഓരോ സന്ദർഭങ്ങളിലും ഓരോരുത്തരും പറയാൻ സാധ്യതയുള്ള കൗണ്ടറുകൾ ചിലപ്പോൾ ഓർത്തുപോകാറുണ്ട്. അവരിൽ ഇന്ദ്രൻസ് ഏറ്റവുമധികം മിസ് ചെയ്യുന്നത് ജഗതി ശ്രീകുമാറിനെയാണ്.

കൂടുതൽ മികച്ച സിനിമകളും കഥാപാത്രങ്ങളും കൊണ്ട് തന്റെ അഭിനയജീവിതത്തിനും മലയാള സിനിമാ പ്രേക്ഷകർക്കും പുത്തൻ അനുഭവപരിസരങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ദ്രൻസ്. ഇനിയും ഏറെ കഥാപാത്രങ്ങളും പുരസ്കാരങ്ങളും ഇന്ദ്രൻസിന്റെ കാത്തിരിക്കുകയാണ്.

റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം കേൾക്കാം.

Related articles

Share article

Latest articles

Stay connected