അന്ന് നെടുമുടി വേണു പറഞ്ഞത്: അനുഭവങ്ങൾ പങ്കുവച്ച് ശാന്തി കൃഷ്ണ

തന്റെ അഭിനയപ്രതിഭ കൊണ്ട് മലയാളികളെ പല തവണ അത്ഭുതപ്പെടുത്തിയ നടിയാണ് ശാന്തി കൃഷ്ണ. നായികയായി സിനിമകളിൽ നിറഞ്ഞു നിന്ന കാലത്തുതന്നെ ശാന്തികൃഷ്ണ പക്ഷെ അമ്മ വേഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടു. ആ ക്ഷണങ്ങൾ അവർ നിരസിച്ചതുമില്ല. എങ്ങനെയാണ്, മലയാളസിനിമയിൽ നിറഞ്ഞുനിന്ന ഒരു യുവനായിക അമ്മ വേഷങ്ങളിലേക്ക് എത്തിയത്? ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു.

സവിധം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ്സ് മാത്രമേ ശാന്തി കൃഷ്ണയ്ക്ക് ഉണ്ടായിരുന്നുള്ളൂ. നായികയായി നിറഞ്ഞു നിന്നിരുന്ന കാലത്ത് നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിയ്ക്കാൻ ക്ഷണിക്കപ്പെടുന്നു. ആ ക്ഷണം സ്വീകരിക്കാൻ ശാന്തി കൃഷ്ണ ആദ്യം ധൈര്യപ്പെട്ടിരുന്നില്ല.

സംവിധായകൻ ജോർജ് കിത്തു വിളിച്ച് ഈ കഥാപാത്രത്തെപ്പറ്റി സൂചിപ്പിക്കുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായ സുധാ തമ്പുരാട്ടി. സിനിമയിലെ പ്രധാന കഥാപാത്രം അവരാണ്. എന്നാൽ ഇത്രയും പ്രായക്കൂടുതൽ വരുന്ന ഒരു കഥാപാത്രം താൻ അഭിനയിച്ചാൽ അത് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ഭയം കൊണ്ട് ശാന്തി കൃഷ്ണ ആ കഥാപാത്രം സ്വീകരിക്കുന്നതിൽ നിന്ന് മടിച്ചുനിന്നു. സ്വയം ബോധ്യം വരാത്ത ഒരു കഥാപാത്രത്തെ മറ്റൊരാൾക്ക് മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കുക ബുദ്ധിമുട്ടാണ്. അങ്ങനെ ആ കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസക്കുറവ് മൂലം ശാന്തി കൃഷ്ണ പിന്മാറുന്ന ഘട്ടത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നു.

നെടുമുടി വേണു ശാന്തി കൃഷ്ണയുമായി സംസാരിക്കുന്നു. നമ്മളെല്ലാം അഭിനേതാക്കളല്ലേ, പിന്നെ പേടിക്കുന്നതെന്തിനാണ്. നമ്മൾ നമ്മുടെ പ്രായമല്ലാത്ത ഒരു പ്രായം അഭിനയിക്കുമ്പോൾ ഒരുപാട് പഠിക്കേണ്ടി വരും. ശരീരഭാഷകൊണ്ടും ചലനങ്ങൾ കൊണ്ടും അത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരിക്കും. അതുകൊണ്ട് അത് ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടത് എന്ന നെടുമുടി വേണുവിന്റെ ധൈര്യത്തിൽ ശാന്തി കൃഷ്ണ ആ സിനിമയിൽ അഭിനയിക്കുന്നു.

സവിധം എന്ന സിനിമ വൻ വിജയമാകുന്നു. ആ സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശാന്തി കൃഷ്ണ സ്വന്തമാക്കുന്നു.

ശേഷം തന്നെക്കാൾ കൂടുതൽ പ്രായമുള്ള പല കഥാപാത്രങ്ങളും ശാന്തി കൃഷ്ണ കൈകാര്യം ചെയ്തിട്ടുണ്ട്. അമ്മവേഷങ്ങൾ തന്നെ അതിൽ നിരവധി. എന്നാൽ അതിലോരോ അമ്മമാരും വ്യത്യസ്തരായിരുന്നു. ഓരോ സിനിമയിലും കൃത്യമായ ഒരു റോളുള്ള, അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ.

നിള എന്ന സിനിമയുമായി ബന്ധപ്പെട്ട് റെഡ് എഫ് എമ്മിനോട് സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ. വ്യത്യസ്തമായ ഒരു അമ്മ വേഷമാണ് നിളയിൽ ശാന്തി കൃഷ്ണ കൈകാര്യം ചെയ്യുന്നത്.

Related articles

Share article

Latest articles

Stay connected