നീരജ് മാധവ്, ഷെയിൻ നിഗം, ആന്റണി പെപ്പെ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന RDX ഇത്തവണ ഓണം റിലീസായി തീയറ്ററുകളിൽ എത്തുകയാണ്. RDX, കിംഗ് ഓഫ് കൊത്ത പോലെയുള്ള ഇത്തവണത്തെ ഓണം റിലീസുകൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പുതുമുഖ സംവിധായകനായ നഹാസ് ഹിദായത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
കൊറോണക്കാലത്ത് നഹാസ് ആരവം എന്ന സിനിമ സംവിധാനം ചെയ്യാൻ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടയിൽ ആ സിനിമയുടെ ചിത്രീകരണം നിലച്ചു. അന്ന് നഹാസ് ഏറെ പ്രതിബന്ധങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ വലിയ ഒരു സിനിമയുമായാണ് നഹാസ് പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. നഹാസ് ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയിലും ആന്റണി പെപ്പെ മുഖ്യ താരമായിരുന്നു. RDX എന്ന സിനിമയ്ക്കുവേണ്ടി വിളിച്ചപ്പോഴും രണ്ടാമതൊന്നും ആലോചിക്കാതെ ഉടൻ തന്നെ ഉറപ്പ് നൽകുകയായിരുന്നു പെപ്പെ.


കോവിഡിന് തൊട്ട് മുൻപ് ആരവം എട്ട് ദിവസം ഷൂട്ട് ചെയ്തിരുന്നു. കോവിഡ് സമയത്ത് ഷൂട്ടിംഗ് നിർത്തേണ്ടി വന്നു. നാല് മാസത്തിനുശേഷം സിനിമ വീണ്ടും ഷൂട്ട് ചെയ്യാൻ തയ്യാറെടുത്തെങ്കിലും ആ പദ്ധതി പിന്നീട് പൂർണമായും നിലച്ചുപോയി. അതിനാൽ കഥ പോലും കേൾക്കാതെയാണ് പെപ്പെ RDX ലേക്ക് എത്തുന്നത്.
ആദ്യ സിനിമ മുടങ്ങിപ്പോവുക എന്നത് സിനിമയിൽ നിന്നു തന്നെ പുറത്തായിപ്പോയേക്കാവുന്ന തരത്തിലുള്ള ഒരു സന്ദർഭമാണ്. ഈ പശ്ചാത്തലത്തിൽ സിനിമയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെപ്പറ്റി താരങ്ങൾ സംസാരിച്ചു. മരിച്ചു കിടക്കുന്ന രംഗം അഭിനയിച്ചാൽ ക്യാമറ നോക്കി ചിരിച്ച് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട് എന്ന് ഷെയിൻ നിഗം പറയുന്നു. ക്യാമറയുടെ ഫിൽറ്ററിൽ കാണുന്ന reflection ൽ മുഖം നോക്കരുത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്ന് നീരജ് മാധവ് പറയുന്നു. എന്നാൽ ഇതെല്ലാം താൻ സിനിമയിൽ വന്ന കാലത്ത് കേട്ടതാണെന്നും നീരജ് കൂട്ടിച്ചേർക്കുന്നു. സ്ക്രിപ്റ്റ് പേപ്പർ മടക്കിയോ ചുരുട്ടിയോ പിടിക്കരുത് എന്ന് പറയുന്നതും കേട്ടിട്ടുണ്ട് എന്നും നീരജ് പറയുന്നു.


അന്ധവിശ്വാസങ്ങൾ പരിധി കടന്നാൽ അത് സിനിമാപ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഇരുവരും പറയുന്നു. ഒരു സിനിമ പരാജയപ്പെട്ടാൽ അവർക്ക് തുടർന്ന് സിനിമകളിൽ അവസരം നൽകാതിരിക്കുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളെപ്പറ്റിയും നീരജ് മാധവ് സംസാരിച്ചു. ഇത്തരത്തിൽ തുടർച്ചയായി പല സിനിമകളും ജയിച്ചതുമൂലം തനിക്ക് ലഭിച്ച പല സിനിമകളുമുണ്ട്. എന്നാൽ അതിനുശേഷം കുറച്ചുനാൾ മലയാളസിനിമയിൽ നിന്ന് വിട്ടുനിന്നപ്പോൾ ഔട്ട് ആയി എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയ സിനിമകളും ഉണ്ട് എന്ന് നീരജ് പറയുന്നു.
സിനിമാ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് RDX. സിനിമയുമായി ബന്ധപ്പെട്ട് റെഡ് എഫ് എമ്മുമായി സംസാരിക്കുകയായിരുന്നു താരങ്ങൾ.