മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ബിജിബാൽ. കഴിഞ്ഞ ദിവസം ബിജിബാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ഏറെ ശ്രദ്ധ നേടി. അന്തരിച്ച തന്റെ ഭാര്യയുടെ ശബ്ദത്തിലുള്ള ഒരു ഗാനമാണ് ബിജിബാൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ആ ഗാനം ആലപിച്ചത് ബിജിബാൽ തന്നെയാണ്. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഷ്ടപ്പെട്ട തന്റെ ഭാര്യയുടെ ശബ്ദം ജീവിതത്തിലേക്ക് പുനഃസൃഷ്ടിച്ചിരിക്കുന്നത് കേൾക്കാം.
ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി ബിജിബാൽ 2017-ൽ മസ്തിഷ്കസംബന്ധമായ രോഗത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. ഇരുവരും ചേർന്ന് പാടിയ പാട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. പലപ്പോഴും ഭാര്യയെ ഓർത്തുകൊണ്ട് ബിജിബാൽ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇനി കേൾക്കാനാവില്ലെന്ന് കരുതിയ ഒരു ശബ്ദത്തിന് പുതുജീവൻ നൽകിയ ഈ വീഡിയോ ഏറെ ഹൃദയസ്പർശിയാണ്. നിർമ്മിതബുദ്ധിയ്ക്ക് ഭാവിയിൽ കലാരംഗത്ത് എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് ഈ വീഡിയോ.
ഒരു വ്യക്തിയുടെ ശബ്ദം പുനഃസൃഷ്ടിക്കാനായുള്ള AI സംവിധാനങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ഉടനീളം ലഭ്യമാണ്. എന്നാൽ ചിത്രങ്ങളിൽ AI സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്ര ക്രിയാത്മകമായും ജനകീയമായും ഈ രീതി കടന്നുവന്നിട്ടില്ല. ഉദ്ദേശിക്കുന്ന വ്യക്തിയുടെ ശബ്ദം ഡാറ്റയായി സ്വീകരിച്ച് വോയ്‌സ് ക്ലോൺ ചെയ്യാൻ സാധിക്കും. കലാരംഗത്ത് ഏറെ ക്രിയാത്മകമായി ഇത് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ഇത്തരത്തിൽ ശബ്ദം പുനഃസൃഷ്ടിക്കാൻ സാധിക്കുന്നതിൽ ഏറെ അപകടങ്ങളുമുണ്ട്. ശബ്ദസന്ദേശങ്ങൾ പോലെ നമ്മൾ ദൈനംദിനം സൃഷ്ടിക്കുന്ന ഡിജിറ്റൽ ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടിയാണ് ഇവിടെ തുറന്നിടപ്പെടുന്നത്. ഒരു വ്യക്തിക്കയച്ച ശബ്ദസന്ദേശം ഉപയോഗിച്ച് നമ്മൾ മറ്റെന്തെങ്കിലും സംസാരിക്കുന്ന ഓഡിയോ സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും. ഇത് കൂടുതൽ തട്ടിപ്പുകൾക്ക് വഴി വയ്ക്കാനുള്ള സാധ്യത ധാരാളമാണ്.
സിനിമാരംഗത്ത് സംഗീതം, ഡബ്ബിങ് തുടങ്ങി പല മേഖലകളിലും ഭാവിയിൽ AI സ്വീകരിക്കപ്പെട്ടേക്കാം. അത് സിനിമാരംഗത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ച ഭയപ്പെടേണ്ട ഒന്നല്ല. ഓരോ സാങ്കേതികവിദ്യകൾക്കുമപ്പുറം മനുഷ്യന്റെ ക്രിയാത്മക ബുദ്ധിയും ചിന്താശേഷിയും വളർന്ന ചരിത്രമാണ് ഈ ലോകത്തിനുള്ളത്. ആ വളർച്ചയിൽ ഇവയുടെ ദോഷവശങ്ങളെ കൂടുതൽ കൃത്യമായി തിരിച്ചറിയാനും, അവയെ ഒഴിവാക്കി സാങ്കേതികവിദ്യയെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായി ഉപയോഗിക്കാനും മനുഷ്യർക്ക് സാധിക്കും.