എ ഐ ജനറേറ്റഡ് ചിത്രങ്ങൾ എങ്ങനെ തിരിച്ചറിയാം?
എ ഐ സാങ്കേതികവിദ്യ വളർന്നുകൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന തലക്കെട്ടോടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളും എ ഐ നിർമ്മിതമായിരുന്നു. എന്താണ് എ ഐ സാങ്കേതികവിദ്യയുടെ ഭാവി? യഥാർത്ഥ ചിത്രങ്ങളും എ ഐ നിർമ്മിത ചിത്രങ്ങളും തമ്മിൽ എങ്ങനെ തിരിച്ചറിയാം?
ഇന്റർനെറ്റിൽ ലഭ്യമായ ഡാറ്റകൾ ഉപയോഗിച്ചാണ് എ ഐ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽത്തന്നെ ആ ഡാറ്റയിലെ ലഭ്യതക്കുറവാണ് എ ഐ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. അതോടൊപ്പം വളരെ സങ്കീർണ്ണമായ പല ഡാറ്റകളും മനസ്സിലാക്കി ചിത്രരൂപത്തിൽ നിർമ്മിക്കാനുള്ള വളർച്ച നിലവിൽ എ ഐ കൈവരിച്ചിട്ടില്ല. അതിനാൽ പലപ്പോഴും എ ഐ ജനറേറ്റഡ് ചിത്രങ്ങളിൽ ചില തെറ്റുകൾ ആവർത്തിച്ചു വരുന്നത് കാണാം. അത്തരം തെറ്റുകളിലൂടെയും മറ്റു ചില സൂചനകളിലൂടെയും എ ഐ ചിത്രങ്ങളെ നമുക്ക് തിരിച്ചറിയാം.
വാട്ടർ മാർക്ക്
സാധാരണ ഉപയോഗിച്ചു വരുന്ന എ ഐ ഇമേജ് മേക്കറുകളായ ഡാൽ-ഇ-2, മിഡ്ജേർണി, സ്റ്റേബിൾ ഡിഫ്യൂഷൻ തുടങ്ങിയ സോഫ്റ്റ്വെയറുകളുടെ വാട്ടർമാർക്ക് ചിത്രങ്ങളിലുണ്ടോ എന്ന് പരിശോധിക്കാം. എന്നാൽ പല എ ഐ ഇമേജ് മേക്കറുകളും ചിത്രങ്ങൾ തങ്ങളുടെ വാട്ടർ മാർക്ക് ഇല്ലാതെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.
എ ഐ ഡിറ്റക്ഷൻ ടൂളുകൾ
ഡീപ് ഫേക്ക് ഓ മീറ്റർ, ഇല്ലുമിനാർട്ടി, ഒപ്റ്റിക് എഐ ഓർ നോട്ട്, എവരിപിക്സൽ ഏസ്തെറ്റിക്സ് തുടങ്ങിയ എ ഐ ഇമേജ് ഡിറ്റക്ടറുകൾ ലഭ്യമാണ്. ഇവയുപയോഗിച്ച് ഒരു ചിത്രം എ ഐ നിർമ്മിതമാണോ എന്ന് പറയാനാകും. എങ്കിലും എ ഐ സാങ്കേതികവിദ്യ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മിക്ക ടൂളുകൾക്കും പൂർണ്ണമായ ഒരു ഉറപ്പ് നല്കാനാകുന്നില്ല.
വാക്കുകൾ
എ ഐ ജനറേറ്റഡ് ചിത്രങ്ങളിൽ വാക്കുകളോ വാചകങ്ങളോ ഉണ്ടെങ്കിൽ അവയിലേക്കൊന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ഇത്തരം ചിത്രങ്ങളിലെ വാക്കുകളും വാചകങ്ങളുടെ ഘടനയും പലപ്പോഴും വിചിത്രമായിരിക്കും. അതുപോലെത്തന്നെ പല എ ഐ ജനറേറ്റഡ് ചിത്രങ്ങളിലും വാക്കുകൾ വരുന്ന ഭാഗങ്ങൾ മങ്ങിയിരിക്കും.
രൂപം
മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ നിർമിക്കുമ്പോൾ മിക്കപ്പോഴും എ ഐ സാങ്കേതികവിദ്യ കുഴങ്ങിപ്പോകാറുണ്ട്. അവയിൽ ഏറെ പ്രധാനപ്പെട്ടവ ഇവയാണ്.
വിരലുകൾ
കൈകാലുകളും വിരലുകളും മിക്കവാറും എ ഐ ജനറേറ്റഡ് ചിത്രങ്ങളെ മനസ്സിലാക്കാൻ സഹായിക്കും.
- വിരലുകളുടെ എണ്ണത്തിലെ വ്യത്യാസം
- വിരലുകളുടെ നീളത്തിലെ അസ്വാഭാവികത
- നഖങ്ങളുടെ ആകൃതി
- നഖങ്ങൾ വിരലുമായി കലർന്നു പോകുന്നത്
- വിരലുകളുടെ മടക്കുകളിലെ വ്യത്യാസങ്ങൾ
- ശരീരത്തോട് ആനുപാതികമല്ലാത്ത കൈകാലുകൾ
കണ്ണുകൾ
- ചിത്രത്തിലെ ഒരു കണ്ണ് പലപ്പോഴും മങ്ങിയിരിക്കും
- രണ്ടു കണ്ണുകളുടെയും വലുപ്പത്തിലും രൂപത്തിലും മറ്റുമുള്ള ചേർച്ചക്കുറവ്
പല്ലുകൾ
- പല ചിത്രങ്ങളിലും പല്ലുകൾ തമ്മിൽ കലർന്നതുപോലെ കാണാം
- പല്ലുകളുടെ ഘടന പലപ്പോഴും തെറ്റായിരിക്കും
കമ്മലുകൾ
- കമ്മൽ ബാക്ക്ഗ്രൗണ്ടുമായി കലർന്നിരിക്കുന്നത്
- രണ്ടു കാതിലെയും കമ്മലുകൾ തമ്മിൽ ചേർച്ചയില്ലാതിരിക്കുകയോ ഒരു കാതിൽ മാത്രം കമ്മൽ കാണാതിരിക്കുകയോ ചെയ്യുന്നത്
കണ്ണട
- കണ്ണട മുഖവുമായി കലർന്നിരിക്കുന്നത്
- കണ്ണടയുടെ ഘടനയിലുള്ള അസ്വാഭാവികതകൾ, ഉദാഹരണത്തിന് കണ്ണടയ്ക്ക് ഒരു കാലില്ലാതിരിക്കൽ
വിശ്വാസ്യത
- ചിത്രത്തിലെ വെളിച്ചവും നിഴലുകളും തമ്മിൽ പൊരുത്തമുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്
- കാണുന്ന ചിത്രങ്ങൾ വിശ്വാസയോഗ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു പൂച്ചയ്ക്ക് ചിറകുകൾ കണ്ടാൽ അത് അസംഭവ്യമാണെന്ന് വളരെ എളുപ്പം നമുക്ക് ഊഹിക്കാം.
- ചിത്രത്തിലെ കാലാവസ്ഥയും മറ്റു ഘടകങ്ങളും തമ്മിലുള്ള ചേർച്ചക്കുറവ്. ഉദാഹരണത്തിന്, മരുഭൂമിയിൽ ഹിമക്കരടിയെ കാണുന്നത്, മഴയത്ത് നടക്കുന്നയാൾ നനയാതിരിക്കുന്നത്
- ചില പ്രത്യേക ഭാഗങ്ങൾ മാത്രം വരച്ചു വെച്ചതുപോലെ കാണപ്പെടുന്നത്