വീടുപണിയുടെ ചിലവ് കുറയ്ക്കാൻ 10 മാർഗങ്ങൾ

എത്ര രൂപ വരെ ഉപയോഗിക്കാം?

ഒരു വീട് നിർമിക്കാൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ നമുക്ക് ഒരു വീട് നിലവിൽ ആവശ്യമുണ്ടോയെന്നും, ഉണ്ടെങ്കിൽത്തന്നെ ആ വീട് നിർമ്മിക്കാനുള്ള ചെലവ് എത്രത്തോളമായിരിക്കണം എന്നും നാം തീരുമാനിക്കേണ്ടതുണ്ട്.

വീടുനിർമാണത്തിന്റെ ചെലവ് തീരുമാനിക്കുന്ന ഘട്ടത്തിൽ വീടുപണിക്കാവശ്യമായ തുക എത്തരത്തിൽ സമ്പാദിക്കാനാകും എന്നും ആലോചിക്കണം. ലോണുകളെ ആശ്രയിച്ചാണ് ഭൂരിപക്ഷം പേരും വീടുപണി ആരംഭിക്കാറുള്ളത്. അതിനായി ഓരോ ബാങ്കുകളിലെയും ലോൺ ഇന്ററസ്റ്റുകൾ, ലോൺ അടച്ചു തീർക്കാനുള്ള കാലാവധി, ഓരോ മാസവും അടയ്‌ക്കേണ്ടി വരുന്ന തുക എന്നിവ മനസ്സിലാക്കേണ്ടതാണ്. അടുത്തിടെ വീടുപണി കഴിഞ്ഞ വ്യക്തികളുമായി സംസാരിക്കുന്നത് ഇക്കാര്യത്തിൽ കൃത്യമായ ഒരു ധാരണ സൃഷ്‌ടിക്കുന്നതിൽ സഹായകമാകും.

ഈ ട്രെൻഡ് കൊള്ളാം

പല ട്രെൻഡുകളും വീട്ടുകാർക്കൊരു ബാധ്യതയാകാറുണ്ട്. അതിനാൽ വീടുപണിയിലെ ട്രെൻഡുകളെ പിന്തുടരുമ്പോഴും അവയുടെ ചിലവും, അത് വീടിന്റെ ഉറപ്പിലും ഈടിലും ഉണ്ടാക്കുന്ന മാറ്റങ്ങളും വിശദമായി അന്വേഷിക്കേണ്ടതുണ്ട്. പല ട്രെൻഡുകളും വളരെ കുറച്ചു സമയത്തിനുള്ളിൽ പഴഞ്ചനാകാറുമുണ്ട്. അവയെല്ലാം പരിഗണിച്ചുകൊണ്ട് വേണം വീടുപണിയിൽ ട്രെൻഡുകൾ പിന്തുടരാൻ.

അങ്ങനെ പോരേ?

വീടുപണി ഒരു കൂട്ടായ ഉദ്യമമാണ്. അതിൽ വീട്ടുടമസ്ഥനും ആ വീട് പണിതുയർത്താനായി പരിശ്രമിക്കുന്ന തൊഴിലാളികൾക്കും ഒരുപോലെ പങ്കുണ്ട്. വീട്ടുടമസ്ഥൻ മനസ്സിൽ വിചാരിച്ച പോലെയുള്ള ഒരു വീടിന്റെ നിർമാണത്തിൽ തൊഴിലാളികളുമായുള്ള ആശയവിനിമയം സുതാര്യമാകേണ്ടതുണ്ട്. വീടുപണിയുടെ ഓരോ ഘട്ടത്തിലും തനിക്ക് വേണ്ടത് എന്തെല്ലാമാണ് എന്ന് കൃത്യമായി തൊഴിലാളികളെ പറഞ്ഞു മനസ്സിലാക്കാൻ വീട്ടുടമസ്ഥനു കഴിയണം. അല്ലാത്ത പക്ഷം അത് ആശയക്കുഴപ്പങ്ങൾക്കും അതുമൂലമുള്ള ധനനഷ്ടത്തിനും മറ്റു ബുദ്ധിമുട്ടുകൾക്കും കാരണമാകും.

അതുപോലെത്തന്നെ കുടുംബത്തിലെ മറ്റുള്ളവരുമായും വീടിനെപ്പറ്റിയുള്ള ചിന്തകൾ പങ്കുവയ്ക്കുന്നത് എല്ലാവരുടെയും സങ്കല്പത്തിന് യോജിച്ച ഒരു വീട് ഉയർന്നു വരുന്നതിൽ സഹായകമാകും.

എവിടെ പണിയും?

വീടിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അവിടത്തെ ഭൂമിയുടെ ഉറപ്പ്, ജലലഭ്യത എന്നിവ ശാസ്ത്രീയമായിത്തന്നെ പരിശോധിക്കേണ്ടതാണ്. ജീവിതപരിസരത്തിനനുസരിച്ച് വേണ്ട അടിസ്ഥാനസൗകര്യങ്ങളുള്ള ഇടം കണ്ടെത്താൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

ഈ പ്ലാൻ കൊള്ളാമോ? 

വീടിന്റെ പ്ലാൻ വരയ്ക്കൽ ഏറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. തൃപ്തിയാകുന്ന വിധം ഒരു പ്ലാൻ ലഭിച്ച ശേഷം മാത്രം വീടുപണി ആരംഭിക്കുക. പ്ലാൻ വരയ്ക്കുമ്പോൾ വീടുപണിക്കുള്ള ബജറ്റ്, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജീവിതരീതി എന്നിവ പരിഗണിക്കേണ്ടതുണ്ട്. ആർഭാടത്തേക്കാൾ ആവശ്യത്തിന് പ്രാധാന്യം നൽകുക.

ഉദാഹരണത്തിന്, ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ പണിയുന്നതിനേക്കാൾ കൂടുതൽ പണം രണ്ടാം നില പണിയുന്നതിന് ആവശ്യമായി വരും. അതിനാൽ ഒരു നിലയിൽ തീർക്കാവുന്ന വീടുകൾ അങ്ങനെത്തന്നെ നിർമിച്ചാൽ അത് പണച്ചെലവ് വളരെ കുറയ്ക്കും. അനാവശ്യമായ ഭിത്തികളുടെ എണ്ണം കുറയ്ക്കുക എന്നതും ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ നമ്മുടെ മനസ്സിൽ മുഴുവൻ പണിയും കഴിഞ്ഞ ഫുള്ളി ഫർണിഷ്ഡ് ആയ ഒരു വീടായിരിക്കണം നമ്മുടെ മനസ്സിൽ. അതിനായി ത്രീഡി പ്ലാനുകളുടെ സഹായം തേടാം.

ഏത് മെറ്റീരിയലാവും നല്ലത്?

നിർമാണവസ്തുക്കൾ തീരുമാനിക്കുമ്പോൾ പണത്തിനോടൊപ്പം വീടിന്റെ ഉറപ്പും മനസ്സിൽ കരുതേണ്ടതുണ്ട്. അതിനായി മേഖലയിൽ അനുഭവപരിചയമുള്ളവരുടെ സഹായം തേടാവുന്നതാണ്. ഏറ്റവും വിലകൂടിയ നിർമാണവസ്തുക്കൾ ഏറ്റവും ഈടു നല്കുന്നവയായിക്കൊള്ളണമെന്നില്ല. പരമാവധി കുറഞ്ഞ ചിലവിൽ ഏറ്റവും ഉറപ്പു നൽകുന്ന നിർമാണവസ്തുക്കളാകണം ഉപയോഗിക്കാൻ ശ്രമിക്കേണ്ടത്.

ഇത്ര വില വരുമോ

പൊതുവെ മാർക്കറ്റിൽ ഓരോ വസ്തുക്കൾക്കും സേവനങ്ങൾക്കും ഈടാക്കി വരുന്ന വിലനിലവാരത്തെപ്പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പലയിടങ്ങളിൽ അന്വേഷിച്ചുറപ്പു വരുത്തിയ ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുന്നതാണ് എപ്പോഴും ഉചിതം.

കരാർ അടിസ്ഥാനത്തിലാണ് വീട് നിർമിക്കുന്നതെങ്കിൽ അക്കാര്യവും ഏറെ ആലോചിച്ചു തീരുമാനമെടുക്കേണ്ടതാണ്. വീടുപണി മുഴുവൻ കരാർ നൽകുകയാണോ അതോ ലേബർ മാത്രം കരാർ അടിസ്ഥാനത്തിൽ നല്കുകയാണോ ഉചിതം തുടങ്ങിയ കാര്യങ്ങൾ ആലോചിച്ചുറപ്പിക്കേണ്ടതുണ്ട്. അതിനായി ഈടാക്കുന്ന തുകയും നിർമാണസാമഗ്രികളുടെ ബ്രാൻഡുകൾ ഉൾപ്പടെ കരാറിൽ രേഖപ്പെടുത്താനുദ്ദേശിക്കുന്ന വിഷയങ്ങളും ഒരു അനുഭവജ്ഞാനമുള്ള എൻജിനീയർ പുനഃപരിശോധിക്കുന്നത് നല്ലതായിരിക്കും.

കുറച്ചധികം വാങ്ങി വയ്ക്കാം

നിർമാണവസ്തുക്കൾ ആവശ്യത്തിനനുസരിച്ചു മാത്രം വാങ്ങുക. കൂടുതൽ സാധനങ്ങൾ വാങ്ങിവച്ച് അവ ഉപയോഗശൂന്യമാക്കി കളയുന്നത് വീടുപണിയിലെ ശരിയായ രീതിയല്ല. അതുപോലെത്തന്നെ മഴയും മറ്റ് കാലാവസ്ഥാപ്രശ്നങ്ങളും മൂലം നിർമാണവസ്തുക്കൾക്ക് കേട് സംഭവിക്കാതെ സംരക്ഷിക്കേണ്ടതുണ്ട്.

ഒരു ചെറിയ മാറ്റമുണ്ട്…

പ്ലാൻ വരച്ചതിനു ശേഷമുള്ളതും അവസാന നിമിഷത്തിലുള്ളതുമായ മാറ്റങ്ങൾ അനാവശ്യമായ പണച്ചിലവിനും സമയനഷ്ടത്തിനും കാരണമാകും. അതിനാൽ പ്ലാൻ മുഴുവനായും മനസ്സിലാക്കി തൃപ്തിയായതിനു ശേഷം മാത്രം വീടുപണി ആരംഭിക്കുക.

പെർമിറ്റൊക്കെ വേണോ?

വീടു പണിയുമ്പോൾ ഓരോ ഘട്ടങ്ങളിലും വേണ്ട പെർമിറ്റുകൾ എടുത്തും, നിർദ്ദേശങ്ങൾ പാലിച്ചും, ഫീസുകൾ കൃത്യമായി അടച്ചും വേണം മുന്നോട്ടു പോകാൻ. അല്ലാത്ത പക്ഷം അത് വീടുപണിക്കിടയിലോ ശേഷമോ ഗുരുതരമായ പ്രശ്നങ്ങൾ ഉയർന്നുവരാൻ കാരണമായേക്കാം.

Related articles

Share article

Latest articles

Stay connected