കാശ് വേണ്ട കാർഡ് മതി… കെഎസ്ആർടിസിയുടെ പുത്തൻ സംരംഭം
എല്ലാവരും കാർഡുകളിലേക്കും യുപിഐയിലേക്കും കടക്കുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സി ട്രാവൽ കാർഡ് എന്ന പുത്തൻ ആശയം അവതരിപ്പിക്കുകയാണ്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ സിറ്റി സർക്കുലർ സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രാവൽ കാർഡ് ഉപയോഗത്തിലുണ്ട്. മൂന്ന് മാസത്തിനുള്ളിൽത്തന്നെ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ ഏറെ ജനകീയമായിട്ടുണ്ട്. തിരുവനന്തപുരത്തെ 21 ഡിപ്പോകളിൽ സൂപ്പ് ഫാസ്റ്റ് മുതൽ താഴോട്ട് ഓർഡിനറി വരെയുള്ള സർവീസുകളിലാണ് ട്രാവൽ കാർഡ് ഉപയോഗത്തിലുള്ളത്. ഇതിനകം തന്നെ എൺപതിനായിരത്തിലധികം കാർഡുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് വിറ്റുപോയിട്ടുണ്ട്. ക്യാഷ്ലെസ്സ് ട്രാവൽ എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ കെഎസ്ആർടിസി പങ്കുവയ്ക്കുന്നത്.


എങ്ങനെ കെഎസ്ആർടിസി ട്രാവൽ കാർഡ് ഉപയോഗിക്കാം?
കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർമാർ വഴി ആർക്കും ട്രാവൽ കാർഡ് വാങ്ങാൻ സാധിക്കും. അതിനായി നൂറു രൂപയാണ് ആദ്യം മുടക്കേണ്ടത്. കാർഡ് ലഭ്യമായ ഉടൻ തന്നെ അത് ഉപയോഗിക്കാൻ ആരംഭിക്കാം. കാർഡ് വാങ്ങുവാനായി നമ്മൾ അടച്ച നൂറു രൂപ കാർഡിൽ കാണാനാകും. കാർഡ് റീചാർജ് ചെയ്യാനും കെഎസ്ആർടിസി കണ്ടക്ടർമാരെ സമീപിക്കാം. അൻപതിന്റെ ഗുണിതങ്ങളിലാണ് കാർഡ് റീചാർജ് ചെയ്യാനാവുക. ഒരു തവണ രണ്ടായിരം രൂപ വരെയാണ് റീചാർജ് ചെയ്യാനുള്ള പരിധി.
കാർഡിലെ നിലവിലെ ബാലൻസ് അറിയാനായി കെഎസ്ആർടിസി ബസ്സിൽ നിന്നു ലഭിക്കുന്ന ടിക്കറ്റിൽ നോക്കിയാൽ മതിയാകും. ടിക്കറ്റ് എടുക്കുന്നതിനു മുൻപും ശേഷവുമുള്ള കാർഡിലെ തുക ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കും.
ഓഫറുകൾ
250 രൂപയോ അതിൽ കൂടുതലോ തുക ഒറ്റത്തവണയായി റീചാർജ് ചെയ്യുന്നവർക്ക് തുകയുടെ 10 ശതമാനം രൂപ ബോണസ് തുകയായി ലഭിക്കും. അഥവാ, 250 രൂപ റീചാർജ് ചെയ്യുമ്പോൾ 275 രൂപയും, 500 രൂപ റീചാർജ് ചെയ്യുമ്പോൾ 550 രൂപയും കാർഡിൽ ലഭിക്കും.
മറ്റ് സവിശേഷതകൾ
കെഎസ്ആർടിസി ട്രാവൽ കാർഡ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ്ണ സുരക്ഷിത വലയത്തിൽ ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് നിർമിച്ചെടുത്തതാണ്. കാലപരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഈ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യക്തിക്കു പുറമെ മറ്റുള്ളവർക്കും യാത്ര ചെയ്യാനാവുന്നതാണ്. കാർഡ് കൈവശമുള്ള ആർക്കും മറ്റ് നിബന്ധനകളൊന്നുമില്ലാതെ തന്നെ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാവുന്നതാണ്.
നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ട്രാവൽ കാർഡ് ഉപയോഗിക്കാനാവുക. എന്നാൽ വളരെ വൈകാതെ തന്നെ കേരളത്തിലുടനീളം ഈ പദ്ധതി നടപ്പിൽ വരുത്താനുള്ള ആലോചനയിലാണ് കെഎസ്ആർടിസി. പുതിയ ഒരു സംരംഭമായതിനാൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെടുന്ന സാഹചര്യത്തിൽ അടുത്തുള്ള ഡിപ്പോയിൽ വിവരമറിയിച്ചാൽ ഉടൻ തന്നെ അത് പരിഹരിക്കുന്നതായിരിക്കും എന്നും റെഡ് എഫ് എഫ് എമ്മുമായുള്ള സംഭാഷണത്തിൽ കെഎസ്ആർടിസി അധികൃതർ സൂചിപ്പിച്ചു.