ഒരു കുപ്പി വെള്ളത്തിനെന്താ വില?

കഴിഞ്ഞ ദിവസം റിതിക ബോറ ട്വിറ്ററിൽ പങ്കുവച്ച ഒരു കുപ്പിയുടെ ചിത്രം ഇപ്പോൾ ഇന്റർനെറ്റ് തരംഗമായിക്കൊണ്ടിരിക്കുകയാണ്… എന്താണീ കുപ്പിയ്ക്കിത്ര പ്രത്യേകത? ഈ കുപ്പിയിൽ 660 ml വെള്ളം കിട്ടണമെങ്കിൽ 350 രൂപ കൊടുക്കണം. ഒരു കുപ്പി വെള്ളത്തിന് ഇത്രയും രൂപ ഈടാക്കുന്നത് അവിശ്വസനീയമായി തോന്നുന്നു എന്നായിരുന്നു റിതികയുടെ ട്വീറ്റ്. ട്വീറ്റിനെ പിന്തുടർന്ന് പലരും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിച്ച കുപ്പികളെല്ലാം വീട്ടിലേക്ക് കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്.

ഇത്തരം ആഡംബര റെസ്റ്ററന്റുകളിൽ ലഭിക്കുന്ന പല സേവനങ്ങളുടെയും വില ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. സിനിമാ തീയേറ്ററുകളിലെയും എയർപോർട്ടുകളിലെയും റെസ്റ്ററന്റുകളിലെ വില ഈയ്യിടെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

എന്നാൽ ലോകത്ത് ലഭ്യമായതിൽ വെച്ച് ഏറ്റവും വിലയേറിയ കുപ്പിവെള്ളം ഏതാണെന്നറിയാമോ? അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനിയാണ് (Acqua di Cristallo Tributo a Modigliani) ആ വിശേഷണത്തിന് അർഹമായ കുപ്പി വെള്ളം. 750 ml വെള്ളത്തിന് ഈടാക്കുന്ന വില ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപയാണ്. എന്നാൽ ഇതിലെ വെള്ളത്തിനേക്കാൾ വില അത് നിറച്ചിരിക്കുന്ന കുപ്പിയ്ക്കാണ്. ഈ കുപ്പി പൂർണ്ണമായും നിർമിച്ചിരിക്കുന്നത് 24 ക്യാരറ്റ് സ്വർണം കൊണ്ടാണ്. എന്നാൽ കുപ്പിയിൽ മാത്രമല്ല സ്വർണം. അതിനുള്ളിലെ വെള്ളത്തിലും അഞ്ച് ഗ്രാം 24 കാരറ്റ് സ്വർണം കലർത്തിയിട്ടുണ്ട്. ജലത്തിലെ ക്ഷാരാംശം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഫ്രാൻസ്, ഫിജി, ഐസ് ലാൻഡ് എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന ശുദ്ധജലമാണ് ഇതിലുപയോഗിക്കുന്നത്. സാധാരണ കുടിവെള്ളത്തെക്കാൾ കൂടുതൽ ഊർജം ഇതുകുടിക്കുന്നതുവഴി നേടാനാകുമെന്നും പറയപ്പെടുന്നു. 2010ൽ ലോകത്തിലെ ഏറ്റവും വിലകൂടിയ കുപ്പിവെള്ളമായി അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി ഗിന്നസിലും ഇടം പിടിച്ചു.

ഇറ്റാലിയൻ കലാകാരനായ അമേഡിയോ ക്ലമന്റ് മോഡിഗ്ലിയാനി യോടുള്ള ആദരസൂചകമായാണ് ഫെർണാഡോ അൽടാമിറാനോ രൂപകല്പന ചെയ്തിരിക്കുന്ന ഈ കുപ്പിയ്ക്ക് പേര് നൽകിയിരിക്കുന്നത്. 2010 മാർച്ച് നാലാം തിയ്യതി മെക്സികോയിൽ പ്ലാനറ്റ് ഫൌണ്ടേഷൻ നടത്തിയ ലേലത്തിലാണ് ഈ കുപ്പി അറുപതിനായിരം ഡോളറിന് വിറ്റുപോയത്. ലേലത്തിൽ നേടിയ പണം ആഗോളതാപനത്തിനെതിരെ പോരാടുന്ന സംഘടനയ്ക്ക് നൽകി.

Related articles

Share article

Latest articles

Stay connected