ലിഫ്റ്റുകൾക്ക്  എന്തിനാണ്  കണ്ണാടികൾ?

നമ്മളെല്ലാം നിരന്തരം ലിഫ്റ്റുകളിൽ യാത്ര ചെയ്യുന്നവരാണ്. നമ്മൾ കാണുന്ന ഏറെക്കുറെ എല്ലാ ലിഫ്റ്റുകൾക്കും കണ്ണാടിയുമുണ്ട്. എന്നാൽ എന്തിനാണ് ലിഫ്റ്റുകളിൽ കണ്ണാടി എന്ന് ചിന്തിച്ചിട്ടുണ്ടോ? ലിഫ്റ്റിലെ കണ്ണാടികൾക്ക് കൃത്യമായ ചില ഉദ്ദേശങ്ങളുണ്ട്.

സുരക്ഷ

പലപ്പോഴും ഒറ്റയ്ക്ക് ലിഫ്റ്റിൽ കയറുമ്പോൾ ഒരു ഭയം നമ്മുടെയുള്ളിൽ ഉണ്ടാകാറുണ്ട്. ഒരു ജനൽ പോലുമില്ലാത്ത അടഞ്ഞ മുറിയിൽ അപരിചിതരായ മനുഷ്യർക്കൊപ്പം നിൽക്കുന്നത് പലരുടെയും മനസ്സിൽ അകാരണമായ ഒരു ഭീതി സൃഷ്ടിക്കാം. അതിനെ തരണം ചെയ്യാനും ഒപ്പം തനിക്ക് ചുറ്റുമുള്ളവരുടെ നീക്കങ്ങൾ മനസ്സിലാക്കാനും ലിഫ്റ്റിലെ കണ്ണാടികൾ സഹായിക്കും.

ക്ലോസ്റ്റ്രോഫോബിയ, അഗോരഫോബിയ

പലരിലും പൊതുവെ കണ്ടു വരുന്ന ഒരു തരം ഭയമാണ് ക്ലോസ്റ്റ്രോഫോബിയ. ക്ളോസ്റ്റ്രോഫോബിയ ഉള്ളവർക്ക് അടച്ചിട്ട ഇടങ്ങളോട് അകാരണമായ ഭയം ഉണ്ടായിരിക്കും. പല കെട്ടിടങ്ങളുടെയും നിർമ്മാണശൈലി ആളുകളിൽ ക്ലോസ്റ്റ്രോഫോബിയ സൃഷ്ടിക്കാറുണ്ട്. ലിഫ്റ്റ് മിക്കവരിലും ക്ലോസ്ട്രോഫോബിയ സൃഷ്ടിക്കാറുണ്ട്.

അഗാരോഫോബിയ രക്ഷപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളോട് മനുഷ്യർക്ക് തോന്നുന്ന ഭയമാണ്. എന്നാൽ അവ അടച്ചിട്ട ഇടങ്ങളായിക്കൊള്ളണമെന്നില്ല. നഗരങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവയോടും ഇക്കൂട്ടർക്ക് ഭയം തോന്നാം. തങ്ങൾക്ക് നിയന്ത്രണമില്ലാത്ത സന്ദർഭങ്ങളിൽ എത്തിപ്പെടുന്നത് ഇവരിൽ ഭയമുണ്ടാക്കും.

ഇത്തരം ഫോബിയകളെ മറികടക്കാൻ എങ്ങനെയാണ് ലിഫ്റ്റിലെ കണ്ണാടികൾ സഹായിക്കുന്നത്? കണ്ണാടിയിൽ നോക്കുമ്പോൾ ചുറ്റുപാടിനെ നിരീക്ഷിക്കാനും സ്വയം കാണാനും സാധിക്കും. ഇതുവഴി അകാരണമായ ഭയങ്ങളെ ഒരു പരിധി വരെ മറികടക്കാനും അടച്ചിട്ടതെന്ന് തോന്നിക്കുന്ന അന്തരീക്ഷത്തെ മറികടക്കാനും സാധിക്കും.

സമയം

ലിഫ്റ്റുകൾ കണ്ടുപിടിച്ച കാലം. കൂറ്റൻ കെട്ടിടങ്ങൾ നിർമിക്കപ്പെടുന്നു. കെട്ടിടങ്ങളുടെ ഉയരം കൂടുന്തോറും ആളുകൾക്കിടയിൽ ഒരു അസ്വസ്ഥത രൂപപ്പെട്ടുവന്നു. ലിഫ്റ്റിന് വേഗത കുറവാണ്. പല സാങ്കേതികവിദഗ്ധരും ഏറെ ചിന്തിച്ചു. ഒടുവിൽ അവർ ഒരു പോംവഴി കണ്ടെത്തി. ലിഫ്റ്റുകളിൽ കണ്ണാടി സ്ഥാപിക്കുക. ലിഫ്റ്റുകളുടെ വേഗതക്കുറവല്ല ആളുകളെ യഥാർത്ഥത്തിൽ അലട്ടിയിരുന്നത്. അടഞ്ഞ അന്തരീക്ഷത്തിൽ ഇത്രയും സമയം നിൽക്കുക എന്നതായിരുന്നു. യാത്ര ചെയ്യുന്നവർക്ക് നോക്കുവാനും ശ്രദ്ധ മാറുവാനും എന്തെങ്കിലും ലിഫ്റ്റിനുള്ളിൽ നൽകുക എന്നതാണ് അവർ കണ്ടെത്തിയ പരിഹാരം. ആളുകൾ സ്വന്തം മുഖം കണ്ട് യാത്ര ചെയ്യുമ്പോൾ അവർക്ക് സമയം കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു.

Related articles

Share article

Latest articles

Stay connected