മലയാള സിനിമയിലെ സൗന്ദര്യത്തിന്റെ പ്രതീകങ്ങളിൽ ഒരാളാണ് നടൻ റഹ്മാൻ. എൺപതുകളിലെ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നിഷ്കളങ്കനായ കോളേജ് പയ്യൻ. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്നും റഹ്മാൻ അതേ കോളേജ് പയ്യൻ തന്നെയാണ്.
കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ സിനിമ. തന്റെ ആദ്യ സിനിമയിലേക്ക് എത്തിയ കഥ റഹ്മാൻ റെഡ് എഫ് എമ്മിനോട് പറയുന്നു.
കൂടെവിടെ സിനിമയിലെ റഹ്മാന്റെ കഥാപാത്രത്തിനു വേണ്ടി മറ്റൊരാളെ തീരുമാനിച്ചിരുന്നു. എന്നാൽ മണിയൻപിള്ള രാജുവിന് ആ കഥാപാത്രത്തിന് മറ്റൊരാളെ ആലോചിക്കാം എന്ന് തോന്നുന്നു. കഥാപാത്രത്തിന് പറ്റിയ മുഖം അന്വേഷിച്ച് സ്കൂളിലെത്തുമ്പോൾ കാണുന്നത് സ്കൂളടച്ച് പോകാൻ നിൽക്കുന്ന ഒരു പൊടിമീശക്കാരനായ റഹ്മാനെയാണ്. അങ്ങനെയാണ് റഹ്മാൻ സിനിമയിലേക്കെത്തുന്നത്.
അന്നും ഇന്നും സിനിമാ അഭിനയം പലരും വളരെയേറെ മോഹിക്കുന്ന ഒരു ജോലിയാണ്. എന്നാൽ കൂടെവിടെ എന്ന സിനിമയ്ക്ക് മുൻപ് റഹ്മാന്റെ മനസ്സിൽ അഭിനയമോഹം ഉണ്ടായിരുന്നില്ല. പ്രൊഡ്യൂസർ റഹ്മാനെ സ്കൂളിൽ വന്ന് കാണുന്ന ദിവസം പക്ഷെ റഹ്മാൻ ഒരു സ്വപ്നം കണ്ടിരുന്നു. താൻ ഒരു ഇംഗ്ളീഷ് സിനിമയിൽ അഭിനയിക്കുന്ന സ്വപ്നം. ഒരു പക്ഷെ തലേന്ന് ഇംഗ്ലീഷ് സിനിമ കണ്ടു കിടന്നതുകൊണ്ട് കണ്ട സ്വപ്നമായിരിക്കാം. എന്നാൽ ആ സ്വപ്നം ഒരു തുടക്കമായിരുന്നു.
അതിനു ശേഷം സ്കൂളിൽ നിന്ന് അനുവാദം വാങ്ങി ഷൂട്ടിംഗ് സെറ്റിലേക്ക്. സെറ്റിൽ പദ്‌മരാജനും ഷാജി എൻ കരുണും അടക്കമുള്ള പ്രതിഭകൾ. എന്നാൽ സിനിമകൾ അധികം കാണാത്ത റഹ്മാന് ഇവരെ ആരെയും അറിയില്ലായിരുന്നു. റഹ്മാന് സിനിമയിൽ വളരെ ചെറിയൊരു റോളായിരുന്നു. രവി പുത്തൂരാൻറെ കഥാപാത്രം ചെയ്യാൻ ആ സമയത്തു തന്നെ തിരുവനന്തപുരത്തു നിന്ന് മാനു എന്ന പുതുമുഖത്തെയും കൊണ്ടുവന്നിരുന്നു. അപ്പോഴേക്കും നിർമ്മാതാവായ പ്രേംപ്രകാശിന്റെ മക്കളും ഇന്ന് തിരക്കഥാകൃത്തുക്കളുമായ ബോബിയും സഞ്ജയും റഹ്മാന് കഥയുടെ ചുറ്റുപാട് പറഞ്ഞുകൊടുക്കുന്നു. കഥാപാത്രത്തെപ്പറ്റി അവർ മനസ്സിലാക്കിക്കൊടുക്കുമ്പോഴും റഹ്മാന് അതിൽ കാര്യമായ താല്പര്യം ഉണ്ടായിരുന്നില്ല.
അതിനുശേഷം റഹ്മാൻ സ്കൂളിലേക്ക് തിരികെ പോകുന്നു. രവി പുത്തൂരാന്റെ വേഷം ചെയ്യാൻ വന്ന കുട്ടി ഹോം സിക്ക് ആയതിനാൽ തിരികെ അയച്ചുവെന്നും ആ കഥാപാത്രത്തിന് റഹ്മാനെ വേണമെന്നും പറഞ്ഞ് വീണ്ടും ഫോൺ വരുന്നു. എന്നാൽ അന്ന് അതിന്റെ ഗൗരവം റഹ്മാന് മനസ്സിലായിരുന്നില്ല. ആദ്യ രംഗം മമ്മൂട്ടിയോടൊപ്പം തന്നെയായിരുന്നു. ആ രംഗത്തിനു തന്നെ റഹ്മാന് സെറ്റിൽ നിറഞ്ഞ കയ്യടി ലഭിച്ചു.
അവിടെ നിന്ന് തുടങ്ങിയ സിനിമാ യാത്രയാണ് ഇന്നും റഹ്മാൻ തുടർന്നുകൊണ്ടിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ അടക്കം നിരവധി ഹിറ്റുകളിലാണ് റഹ്മാൻ തന്റെ മികച്ച പ്രകടനം കാഴ്‌ചവച്ചു കൊണ്ടിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ സമാറയെപ്പറ്റി റെഡ് എഫ് എമ്മിനോട് സംസാരിക്കുകയായിരുന്നു റഹ്മാൻ.
അഭിമുഖം മുഴുവനായും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.