വീട്ടിൽ നിന്ന് എത്ര സന്തോഷത്തിൽ പുറത്തിറങ്ങിയാലും ഒരു ട്രാഫിക് ബ്ലോക്ക് മാത്രം മതി എല്ലാം മാറിമറിയാൻ. ഒരടി പോലും നീങ്ങാത്ത ബ്ലോക്കുകളിൽ ശ്വാസം മുട്ടി നമ്മൾ പലരും വലയാറുണ്ട്. എന്നാൽ അതിൽ കുറച്ച് എന്റർടൈൻമെന്റ് ആയാലോ?
നോർത്ത് പറവൂരിലെ ചേന്നമംഗലം ജംഗ്ഷനിൽ അങ്ങനെയൊരാളുണ്ട്. ചടുലമായ ചലനങ്ങൾ കൊണ്ട് ദൈനംദിന യാത്രക്കാരെ സന്തോഷിപ്പിക്കുകയും, കാണാത്തവരെ അത്ഭുതപ്പെടുത്തുകയും, ഒപ്പം റോഡ് യാത്ര കൂടുതൽ സുഗമവും സന്തോഷകരവുമാക്കുകയും ചെയ്യുന്ന ഒരാൾ.
ഒരു ഹോം ഗാർഡ്.
പക്ഷെ ഒരു ഹോം ഗാർഡിന് നമ്മളെ സന്തോഷിപ്പിക്കാൻ സാധിക്കുമോ? സാധിക്കും.
ഏതു ജോലിയും സുന്ദരവും വിരസവുമാകാം. നമ്മുടെ സമീപനമാണ് അതിലെ നിർണായക ഘടകം. ട്രാഫിക് നിയന്ത്രിക്കുന്ന ജോലി ഒരുപക്ഷെ പുറമെ നിന്നുള്ള കാഴ്ച്ചയിൽ നമുക്കെല്ലാം ഏറെ വിരസവും ബുദ്ധിമുട്ടുള്ളതുമായി തോന്നിയേക്കാം. എന്നാൽ ജോലിയല്ല, അതിനോടുള്ള സമീപനമാണ് പ്രധാനം. ഹോം ഗാർഡ് ജോലിയും രസകരമാണെന്ന് തെളിയിക്കുകയാണ് എം ജെ തോമസ്.
കേരളത്തിലെ മൂവായിരത്തിലധികം ഹോം ഗാർഡുകൾക്കിടയിൽ നിന്ന് നാലു തവണ ഏറ്റവും മികച്ച ഹോം ഗാർഡായി തോമസ് തിരഞ്ഞെടുക്കപ്പെട്ടത് വെറുതെയല്ല.
തോമസ് ഇരുപത് വർഷം പ്രവർത്തിച്ചിരുന്നത് അതിർത്തി രക്ഷാസേനയിലായിരുന്നു. അന്ന് ജോലി ചെയ്യേണ്ടി വന്നിരുന്നത് പഞ്ചാബിലും കാശ്മീരിലുമെല്ലാമായിരുന്നു. അവിടത്തെ ജോലിയും ട്രെയിനിങ്ങുമെല്ലാം വളരെ കഠിനമായിരുന്നു. അതിനുശേഷം കേരളത്തിൽ ഹോം ഗാർഡ് ആയി പ്രവേശിച്ചപ്പോൾ തോമസിന് ആ ജോലി ഏറെ എളുപ്പമുള്ളതായി തോന്നി. എന്നാൽ പിന്നീട് തോമസ് ജോലിയെ കൂടുതൽ രസകരമാക്കി.
തോമസ് ട്രാഫിക് നിയന്ത്രിക്കുന്നത് ഡാൻസ് കളിച്ചുകൊണ്ടാണ്. സഹപാഠികൾ പലരും തന്റെ മകളോട് അച്ഛനെ റോഡിൽ ഡാൻസ് കളിക്കുന്നത് കണ്ടു എന്ന് പറയാറുണ്ടെന്ന് തോമസ് പറയുന്നു. ജനങ്ങളിലേക്ക് എത്രത്തോളം മികച്ച രീതിയിൽ സേവനം എത്തിക്കാൻ സാധിക്കും എന്നത് മാത്രമാണ് തോമസിന്റെ ചിന്ത. തന്റെ ദൗത്യം കൂടുതൽ കൃത്യമായി നിർവ്വഹിക്കാൻ ഈ രീതി തോമസിനെ ഏറെ സഹായിക്കുന്നുണ്ട്.
ട്രാഫിക് നിയന്ത്രിക്കുമ്പോൾ പലരും പറയുന്നത് ശ്രദ്ധിക്കാതെ കടന്നു പോകുമ്പോഴും പുഞ്ചിരിച്ചുകൊണ്ടുള്ള ഒരു കൈകൂപ്പലോടെ അതിനെ നേരിടുകയാണ് തോമസ് ചെയ്യാറുള്ളത്. ദേഷ്യപ്പെടാതെ തന്നെ തോമസിന് പറയാനുള്ളത് അവിടെ ഡ്രൈവർക്ക് മനസ്സിലാകും. മറിച്ച് അത്തരത്തി ലൊരു വിഷയത്തിനു പിറകെ പോയാൽ അത് അന്നത്തെ ദിവസത്തെ മുഴുവൻ ജോലിയെയും ബാധിക്കുമെന്നാണ് തോമസിന്റെ അഭിപ്രായം. ജോലി ചെയ്യുന്നതിലെ സന്തോഷത്തിനാണ് തോമസ് എന്നും പ്രാധാന്യം നൽകുന്നത്.