ബസ് ഓടിക്കുന്ന സ്ത്രീകൾ കേരളത്തിൽ നന്നേ കുറവാണ്… പക്ഷെ ചിലർ ധൈര്യത്തോടെ എല്ലാ നാട്ടുനടപ്പുകളെയും മാറ്റിയെഴുതി മുന്നോട്ടു വരുന്നുണ്ട്. കേരളത്തിലെ ആദ്യ കെ എസ് ആർ ടി സി ഡ്രൈവറായ വി പി ഷീല അവരിലൊരാളാണ്.
കോതമംഗലം സ്വദേശിയായ വി പി ഷീല കേരളത്തിൽ പി എസ് സി വഴി നിയമിതയായ ആദ്യ കെ എസ് ആർ ടി സി ഡ്രൈവറാണ്. ഷീലയുടെ രണ്ടു സഹോദരന്മാരും ഡ്രൈവർമാരായിരുന്നു. കുട്ടിക്കാലം മുതലേ വണ്ടിയോട് വലിയ ആഗ്രഹമായിരുന്നു. സഹോദരങ്ങളുടെ വണ്ടി കഴുകിയും തൊട്ടും നിൽക്കുന്നത് സ്വന്തമായി സൈക്കിൾ പോലും സ്വന്തമാക്കാൻ കഴിയാത്ത കാലത്ത് ഷീലയുടെ വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു. സഹോദരൻ പറഞ്ഞ പ്രകാരം ആദ്യം ഷീല അംബാസഡർ ഓടിക്കാൻ പഠിക്കുന്നു. ശേഷം പല ഡ്രൈവിംഗ് സ്‌കൂളുകളിലായി ഡ്രൈവിംഗ് പഠിപ്പിക്കൽ. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് എടുത്താൽ ഒരു വർഷം കഴിഞ്ഞാൽ ഹെവി ലൈസൻസ് എടുക്കാൻ കഴിയുമെന്ന് അവിടെവെച്ച് ഷീല മനസിലാക്കുന്നു. ഹെവി ലൈസൻസും സ്വന്തമാക്കുന്നു. സുഹൃത്തുക്കളുടെ ലോറികൾ ചെറിയ ദൂരങ്ങളിലോടിച്ച് പരിശീലനം. ഡ്യൂട്ടിയിലെ തിരക്കുകളും ഉത്തരവാദിത്തങ്ങളും മൂലം ഷീലയ്ക്ക് ത്യജിക്കേണ്ടിവന്നത് സ്വന്തം കുടുംബജീവിതമാണ്. സ്വന്തമായി കുടുംബമില്ലെങ്കിലും ഷീലയെ സ്വന്തം കുടുംബാംഗമായി കാണുന്ന നിരവധി പേർ ഷീലയ്‌ക്കൊപ്പമുണ്ട്. അവരിൽ ചിലരാണ് ഷീല ഡ്രൈവിംഗ് പഠിപ്പിച്ചവർ. എണ്ണിയാലൊടുങ്ങാത്തത്ര പേരെ വളയം പിടിക്കാൻ പഠിപ്പിച്ച കൈകൾ.
ഷീല എന്നും നന്ദിപൂർവ്വം ഓർക്കുന്നത് സ്വന്തം അമ്മയെയും ചേച്ചിയെയും തന്നെയാണ്. ഒരുകാലത്തും ഒന്നും ചെയ്യരുത് എന്ന് അവരാരും തന്നെ വിലക്കിയിട്ടില്ല എന്ന് ഷീല പറയുന്നു. ഷീലയുടെ അച്ഛൻ ഷീലയ്ക്ക് 17 വയസ്സുള്ളപ്പോൾ മരണപ്പെടുന്നു. എന്നാൽ അതിനു ശേഷവും ഒരിക്കലും പെണ്കുട്ടിയാണെന്നതിന്റെ പേരിൽ ഷീലയെ ഒരു കാര്യം ചെയ്യുന്നതിൽ നിന്നും ഷീലയുടെ അമ്മ വിലക്കിയിട്ടില്ല. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം കുടുംബവുമായി സ്വയം വാഹനമോടിച്ച് യാത്ര പോകാറുണ്ട് ഷീല. സഹോദരിയുടെ മക്കൾ അതിനായി ഷീലയ്ക്ക് നൽകുന്ന പ്രചോദനം അളവറ്റതാണ്.
ഷീലയുടെ ഇപ്പോളത്തെ ആഗ്രഹം സ്വന്തമായി ഒരു വീടാണ്. സ്വന്തം വീട്ടിൽ അമ്മയോടൊപ്പം സമാധാനമായി ഒരു ജീവിതമാണ് ഷീല ഇന്ന് കാണുന്ന ഏറ്റവും വലിയ ഒരു സ്വപ്നം.
ഷീല കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും ഒരു പ്രചോദനമാണ്. ആഗ്രഹങ്ങൾക്കു പുറകെ ഊർജ്ജം നഷ്ടപ്പെടാതെ മുന്നോട്ടു പോകാനുള്ള ധൈര്യം.