പാട്ടും പറച്ചിലും എന്ന പേരിൽ ഒരു മ്യൂസിക് പ്രോഗ്രാം നടക്കുന്നു. അതിൽ ഒരു പയ്യൻ ഹാർമോണിയം വായിക്കുന്ന ഒരു വീഡിയോ ഒരാൾ പകർത്തുന്നു. പ്രോഗ്രാമിന്റെ ഇരുപത്തി ഒൻപത് സെക്കന്റ് മാത്രം വരുന്ന ഒരു വീഡിയോ ആയിരുന്നു അത്. ആദ്യത്തെ രണ്ടു ദിവസം കാര്യമായ റീച്ച് ഒന്നുമില്ല. മൂന്നാമത്തെ ദിവസം ആ വീഡിയോ വയറലാകുന്നു. അതിന്റെ സന്തോഷത്തിലിരിക്കുമ്പോൾ രാത്രി ഒരു ഫോൺ കോൾ. വേഗം ഇൻസ്റ്റഗ്രാം എടുത്ത് നോക്കാൻ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത അതുലാണ് വിളിച്ചത്. വീഡിയോ എ ആർ റഹ്മാൻ പങ്കുവച്ചിരിക്കുന്നു.
ഹാർമോണിയത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് വയറലായ ഈ പാലക്കാട്ടുകാരൻ പയ്യന്റെ പേര് ശരൺ എന്നാണ്. മൂന്നാം ക്ലാസ് മുതൽ ശരൺ കീബോർഡ് അഭ്യസിക്കുന്നുണ്ട്. യൂറ്റ്യൂബിൽ പ്രകാശ് ഉള്ളേരിയുടെ വീഡിയോകൾ കണ്ട് ഹാർമോണിയം പഠിക്കാനുള്ള ആഗ്രഹം ഉടലെടുക്കുന്നു. സംഗീതത്തിൽ തന്റെ ആദ്യ ഗുരു അച്ഛനാണ് എന്ന് ശരൺ പറയുന്നു. ഹാർമോണിയത്തിലേക്ക് ശരണിന്റെ താത്പര്യം വളർത്തിയെടുത്തത് അച്ഛനാണ്. ശരണിന്റെ അച്ഛനും അറിയപ്പെടുന്ന ഒരു സംഗീതജ്ഞനാണ്.
ഹാർമോണിയം പൊതുവെ അത്ര ജനകീയമായ ഒരു ഉപകരണമല്ല. ഈ വീഡിയോ വയറൽ ആവുന്നതുവഴി ഹാർമോണിയം കൂടുതൽ യുവാക്കളിലേക്ക് എത്തുമെന്നാണ് ശരൺ ആഗ്രഹിക്കുന്നത്. പടകാളി പോലെ ഒരു പാട്ട് ഹാർമോണിയത്തിൽ വായിക്കാനാകും എന്ന് പലരും ഇതുവരെ ചിന്തിച്ചിരുന്നില്ല. എന്നാൽ മുൻധാരണകളെ പൊളിച്ചെഴുതി യുവാക്കൾക്ക് മുന്നിലേക്ക് ഹാർമോണിയത്തിന്റെ കൂടുതൽ സംഗീത സാദ്ധ്യതകൾ കൊണ്ടുവരുകയാണ് ശരൺ.
സംഗീതം പഠിപ്പിക്കാനായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുക എന്നത് ശരണിന്റെ ഏറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമ്പോൾ ശരൺ കരുതിയത് കൂടുതൽ പേരും ഡ്രംസ്, കീബോർഡ് തുടങ്ങിയ ഉപകരണങ്ങൾ പഠിക്കാൻ ആയിരിക്കും വരുക എന്നാണ്. എന്നാൽ അതിനു വിപരീതമായി ശരൺ ആരംഭിച്ച സംഗീത ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാർമോണിയം പഠിക്കാനായുള്ള അന്വേഷണങ്ങളാണ് ഏറ്റവുമധികം വരുന്നത്.
എ ആർ റഹ്മാനു പുറമെ ഷഹബാസ് അമനും ഈ വീഡിയോ പങ്കുവച്ചിരുന്നു. കേരള എക്സൈസ് വകുപ്പും ശരണിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഇതെല്ലാം സംഗീതത്തിലേക്കുള്ള തന്റെ യാത്ര കൂടുതൽ എളുപ്പമാക്കുന്നുണ്ട് എന്നും ശരൺ പറയുന്നു.