ഇന്ത്യൻ ആർമിയ്ക്കു ഫുട്ബോൾ ടീമിൽ അംഗമായിരുന്ന കെ ബി ഛേത്രിക്കും നേപ്പാൾ വനിതാ ഫുട്ബോൾ ടീമിൽ കളിച്ചിരുന്ന സുശീല ഛേത്രിയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നു. അവർ ആ കുഞ്ഞിന് സുനിൽ എന്ന് പേരിടുന്നു. ആ പേര് ഭാവിയിൽ ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തുമെന്ന് അന്ന് അവർ വിചാരിച്ചുകാണുമോ?
1984ൽ ആന്ധ്രാ പ്രദേശിലെ സെക്കന്ദറാബാദിൽ ജനിച്ച ആ അത്ഭുതത്തിന് ഇന്ന് മുപ്പത്തിയൊൻപത് തികയുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗ്യനക്ഷത്രം. സുനിൽ ഛേത്രി.
കുട്ടിക്കാലം മുതൽ ചെറിയ ടൂർണമെന്റുകളിൽ കളിച്ച് ഫുട്ബോൾ ജീവനായി കൊണ്ടുനടന്ന ഛേത്രിയുടെ യാത്ര ഇന്നെത്തി നിൽക്കുന്നത് സാക്ഷാൽ ലയണൽ മെസ്സിയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും തൊട്ടു താഴെയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയ ഗോളുകളുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ മൂന്നാമതാണ് സുനിൽ ഛേത്രി.
ഫിഫ ലോകകപ്പ് കളിക്കാനാകാതെ മടങ്ങിയ, ഫുട്ബോളിന് അഭിമാനിക്കത്തക്ക ഒരു ചരിത്രം അവകാശപ്പെടാനില്ലാത്ത, ക്രിക്കറ്റിന് മാത്രം പ്രാമുഖ്യം നിലനിൽക്കുന്ന ഒരു നാട്ടിൽ നിന്ന് ഫുട്ബോളിൽ ചരിത്രം സൃഷ്ടിക്കുകയാണ് ഈ പ്രതിഭ. ഇന്ന് ഇന്ത്യയുടെ നാഷണൽ ഫുട്‍ബോൾ ടീമിൽ ഏറ്റവും കൂടുതൽ ഗോൾ നേടി നിൽക്കുന്ന വ്യക്തിയുടെ പേരും സുനിൽ ഛേത്രി എന്ന് തന്നെയാണ്.
മോഹൻ ബഗാനിൽ തുടങ്ങിയ സുനിൽ ഛേത്രിയുടെ അന്താരാഷ്ട്ര ഫുട്ബോൾ യാത്ര പിന്നീട് പല ക്ളബുകളിലൂടെയും കടന്നു പോയി. മോഹൻ ബഗാന് വേണ്ടി മാത്രം 18 ഗോളുകൾ. ഇന്ന് ബാംഗ്ലൂരിന്റെ താരമായി കളിക്കുമ്പോഴും ആ കാലുകളുടെ ഓരോ ചലനങ്ങളും ഇന്ത്യയുടെ ഫുട്ബോളിന്റെ ഭാവിയിലേക്കാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമായി ഛേത്രി ഇന്ന് നേടിയിട്ടുള്ളത് 92 ഗോളുകളാണ്. 2023ൽ മാത്രം ഇന്ത്യൻ ഫുട്ബോൾ ടീം നേടിയത് മൂന്ന് കപ്പുകളാണ്. മാർച്ചിൽ ത്രിരാഷ്ട്ര കിരീടം, ജൂണിൽ ഇന്റർ കോണ്ടിനെന്റൽ കപ്പ്, ജൂലൈയിൽ സാഫ് കപ്പ്… ഇവയെല്ലാം സുനിൽ ഛേത്രി എന്ന ഗോളടിയന്ത്രം സാധ്യമാക്കിയ നേട്ടങ്ങളാണ്. സുനിൽ ഛേത്രി പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേയ്ക്ക് കടന്ന് രണ്ടു പതിറ്റാണ്ടിലേറെയായി. മുപ്പത്തിയൊൻപതാം വയസ്സിലേക്ക് കടക്കുമ്പോഴും ഛേത്രി തന്റെ മധുരപ്പതിനേഴിൽ തന്നെയാണ്. കൂടുതൽ കൂടുതൽ ഗോളുകൾ ഇന്ത്യക്കു വേണ്ടി വാരിക്കൂട്ടാനുള്ള ബാല്യം ഛേത്രി യിൽ ഇനിയും ബാക്കിയുണ്ട്.