കേരള എന്ന് ഔദ്യോഗികമായി ഉപയോഗിച്ചു വന്നിരുന്ന പേര് മാറ്റി കേരളം എന്നാക്കാനുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കിക്കഴിഞ്ഞു. എന്നാൽ കേരളം മാത്രമാണോ ഇത് ചെയ്തിട്ടുള്ളത്?
അല്ല.
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേര് ഉത്തരാഞ്ചൽ എന്നായിരുന്നു. 2007 ജനുവരി ഒന്ന് മുതലാണ് സംസ്ഥാനം ഉത്തരാഖണ്ഡ് എന്ന് അറിയപ്പെടാൻ ആരംഭിച്ചത്.
ഒഡിഷ ആദ്യം അറിയപ്പെട്ടിരുന്നത് ഒറീസ്സ എന്നാണ്. ഒഡിഷയുടെ ഔദ്യോഗിക ഭാഷയാണ് ഒഡിയ അറിയപ്പെട്ടിരുന്നത് ഒറിയ എന്നും ആയിരുന്നു. ഇവ രണ്ടും പുതുക്കപ്പെട്ടത് 2011 ലാണ്.
സംസ്ഥാനങ്ങളുടെ പേരുകൾ മാത്രമല്ല ഇത്തരത്തിൽ മാറ്റപ്പെട്ടിട്ടുള്ളത്.
നിരവധി നഗരങ്ങളുടെ പേരുകളും ഇങ്ങനെ മാറ്റപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥലങ്ങളുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇവയിൽ പലതും കൊളോണിയൽ കാലഘട്ടത്തിൽ ഉച്ചാരണത്തിലെ എളുപ്പത്തിനു വേണ്ടി സൃഷ്ടിച്ച സ്ഥലപ്പേരുകളാണ്.
1991ൽ കേരളത്തിന്റെ തലസ്ഥാനത്തിന്റെ പേര് ട്രിവാൻഡ്രം എന്നതിൽ നിന്ന് മാറ്റി തിരുവനന്തപുരം എന്നാക്കി.
1996 ലാണ് കൊച്ചിൻ എന്ന പേര് മാറ്റി കൊച്ചി എന്നാക്കുന്നത്.
എന്നാൽ നഗരങ്ങളുടെ പേര് പുതുക്കലും കേരളത്തിൽ മാത്രം നടന്നിട്ടുള്ള ഒരു കാര്യമല്ല. ബാംഗ്ലൂർ ഈയിടെ ബെംഗളൂരു എന്ന് പേര് മാറ്റിയത് ഏറെ ശ്രദ്ധേയമായിരുന്നു. ബോംബെ മുംബൈ ആയതും നമ്മളെല്ലാം കണ്ടതാണ്.
എന്തിനാണ് സ്ഥലങ്ങൾ അവയുടെ പേരുകൾ മാറ്റുന്നത്?
പലപ്പോഴും ഒരു സ്ഥലത്തെ ജനങ്ങൾ പൊതുവായി ഉപയോഗിച്ചു വരുന്ന പേരല്ല ഔദ്യോഗിക രേഖകളിൽ കണ്ടുവരാറുള്ളത്. എന്നാൽ അത് ഏറെ ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കും. അത് പരിഹരിക്കാനായാണ് പല സ്ഥലങ്ങളും പേര് മാറ്റുന്നത്.
പൊതുജനങ്ങൾക്കിടയിൽ പല സ്ഥലനാമങ്ങളോടുമുള്ള ആശയപരമായ വിയോജിപ്പും ആ സ്ഥലത്തിന്റെ പേര് മാറ്റുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്.
ചില വ്യക്തികളോടുള്ള ബഹുമാനസൂചകമായും സംസ്ഥാനങ്ങൾ പേര് മാറ്റാറുണ്ട്. 2015 ൽ ഒഡിഷയിലെ വീലർ ഐലൻഡ് പേര് മാറ്റി അബ്ദുൾ കലാം ഐലൻഡ് എന്നാക്കിയത് അതിനൊരു ഉദാഹരണമാണ്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ മൂന്ന് പ്രകാരം നിലവിലുള്ള സംസ്ഥാനങ്ങൾക്ക് പേര് മാറ്റാൻ സാധിക്കും.
എന്നാൽ കേരള എന്ന് മിക്ക ഔദ്യോഗിക രേഖകളിലും പൊതുവായി ഉപയോഗിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.