സംഗീതസംവിധാനത്തിന് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ളത് എം ജയചന്ദ്രനാണ്. പതിനൊന്നു തവണ… എന്നാൽ എം ജയചന്ദ്രനെക്കാൾ കൂടുതൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചവരുണ്ട്… അവരാരെല്ലാമാണെന്ന് പരിചയപ്പെടാം…
യേശുദാസ്- 26 തവണ


കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റവുമധികം ലഭിച്ച വ്യക്തി കെ ജെ യേശുദാസാണ്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും ഏറ്റവും കൂടുതൽ ലഭിച്ച വ്യക്തിയും യേശുദാസ് തന്നെയാണ്. 8 തവണയാണ് ദേശീയ തലത്തിൽ യേശുദാസ് മികച്ച ഗായകനുള്ള അംഗീകാരം നേടിയത്.
എം ടി വാസുദേവൻ നായർ- 21 തവണ


കഥയ്ക്കും തിരക്കഥയ്ക്കും സിനിമയ്ക്കും സംവിധാനത്തിനും മികച്ച സിനിമയ്ക്കുമായി ഒട്ടേറെ ഇനങ്ങളിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എം ടി നേടിയിട്ടുണ്ട്.
ജി അരവിന്ദൻ- 18 തവണ


മികച്ച സംഗീതസംവിധായകൻ, മികച്ച സംവിധായകൻ, മികച്ച കുട്ടികൾക്കുള്ള ചലച്ചിത്രം, മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച ഡോക്യൂമെന്ററി എന്നിങ്ങനെ 8 ഇനങ്ങളിൽ അരവിന്ദൻ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണൻ- 17 തവണ


മികച്ച സിനിമ, കഥ, തിരക്കഥ, സംവിധാനം, ഡോക്യൂമെന്ററി, ഷോർട് ഫിലിം, സിനിമയെക്കുറിച്ചുള്ള പുസ്തകം എന്നിങ്ങനെ പല ഇനങ്ങളിലായി അടൂർ ഗോപാലകൃഷ്ണൻ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.
കെ എസ് ചിത്ര- 16 തവണ


ഏറ്റവും കൂടുതൽ തവണ തുടർച്ചയായി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച വ്യക്തിയും കെ എസ് ചിത്രയാണ്. 11 തവണയാണ് തുടർച്ചയായി ചിത്ര മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് സ്വീകരിച്ചത്. 1985 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ കെ എസ് ചിത്ര എന്ന പേര് മാത്രമായിരുന്നു മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ തവണ അർഹയായ വ്യക്തിയും കെ എസ് ചിത്രയാണ്.
ഓ എൻ വി കുറുപ്പ്- 14 തവണ


ഗാനരചനയിൽ ഇത്രയധികം സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച മറ്റാരുമില്ല. 7 പുരസ്കാരങ്ങളുമായി ഗിരീഷ് പുത്തഞ്ചേരിയാണ് ഓ എൻ വി കുറുപ്പിന് തൊട്ടു താഴെയായി നിൽക്കുന്നത്.
ഭരതൻ- 12 തവണ


മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം ഭരതന് ആറു തവണയാണ് ലഭിച്ചത്. ഇതിനു പുറമെ മികച്ച സംവിധായകൻ, മികച്ച ജനപ്രിയ സിനിമ, മികച്ച സിനിമ, രണ്ടാമത്തെ മികച്ച സിനിമ തുടങ്ങിയ ഇനങ്ങളിലും ഭരതന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എസ് ജാനകി- 11 തവണ


ചിത്രയ്ക്ക് തൊട്ടു താഴെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ വ്യക്തി എസ് ജാനകിയാണ്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റവുമധികം തവണ നേടുന്ന മലയാളിയല്ലാത്ത വ്യക്തി എസ് ജാനകിയായിരിക്കും. നാലു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങളും എസ് ജാനകി നേടിയിട്ടുണ്ട്.