ട്വിറ്ററിനെ വെല്ലുന്ന പുത്തൻ ആപ്പുമായി ഇൻസ്റ്റഗ്രാം
ട്വിറ്ററിൽ തന്റെ അക്കൗണ്ട് സൃഷ്ടിച്ച് ഒരു പതിറ്റാണ്ടിലേറെയായും ഒരു ട്വീറ്റ് പോലും വരാത്ത ഒരു അക്കൗണ്ട്. പതിനൊന്നാം വർഷം വരുന്ന ഒരു ട്വീറ്റ്. ട്വിറ്ററിന് ഒരു എതിരാളി രൂപപ്പെടുന്നു. മാർക്ക് സുക്കെർബെർഗിന്റെ ഇൻസ്റ്റഗ്രാം ത്രെഡ്സ് എലോൺ മസ്‌കിന്റെ ട്വിറ്ററിന് ബദലാകുമോ?


റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്‌സ് ഉപയോഗിക്കാനാരംഭിച്ചത്. പരസ്പരം ഉപയോഗക്ഷമമായ സോഷ്യൽ മീഡിയ നെ റ്റ് വർക്കുകൾ രൂപപ്പെടുത്തുവാനും ഇന്റർനെറ്റിന്റെ ഭാവിയെ നിർണയിക്കാനും ത്രെഡ്‌സിന് സാധിക്കുമെന്നാണ് ഇൻസ്റ്റഗ്രാമിന്റെ വാദം. 500 വാക്കുകൾ വരെയും അഞ്ചു മിനിട്ടുവരെയുള്ള വിഡിയോകളും ലിങ്കുകളും ഫോട്ടോകളും ത്രെഡ്‌സ് വഴി പങ്കുവയ്ക്കാനാകും. നിലവിൽ ഇൻസ്റ്റഗ്രാം കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാനാണ്. എന്നാൽ ടെക്സ്റ്റ് പോസ്റ്റുകൾക്ക് ഇൻസ്റാഗ്രാമിനെക്കാൾ കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ത്രെഡ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഇൻസ്റ്റഗ്രാമിൽ ലഭ്യമായ സ്ക്രീൻ റീഡർ സപ്പോർട്ട്, എ ഐ ജനറേറ്റഡ് ഇമേജ് ഡിസ്ക്രിപ്ഷൻസ് എന്നിവ ത്രെഡ്‌സിലും ലഭ്യമാണ്. ത്രെഡ്‌സിലെ പോസ്റ്റുകൾ ഇൻസ്റാഗ്രാമിലേക്കോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലേക്കോ പങ്കുവയ്ക്കാനാകും എന്നതാണ് ത്രെഡ്‌സിന്റെ ഏറ്റവും വലിയ സവിശേഷത.
ത്രെഡ്‌സിലെ പോസ്റ്റുകൾക്ക് വരുന്ന മറുപടികൾ ഉപയോക്താവിന് നിയന്ത്രിക്കാനാകും. ഇൻസ്റാഗ്രാമിലേതു പോലെത്തന്നെ അനാവശ്യമായ വാക്കുകൾ ഫിൽറ്റർ ചെയ്ത് മറുപടികളെ നിയന്ത്രിക്കാനുള്ള സംവിധാനം ത്രെഡ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.


വൈകാതെ തന്നെ ത്രെഡ്‌സ് ആക്ടിവിറ്റി പബ്ബിലും ലഭ്യമാകും. ആക്ടിവിറ്റി പബ്ബിൽ ലഭ്യമാകുന്നതോടെ മാസ്റ്റഡനും വേഡ്പ്രെസും പോലെയുള്ള അപ്പുകളുമായി ത്രെഡ്‌സ് പങ്കുവച്ചുപയോഗിക്കാൻ സാധിക്കും. ഭാവിയിൽ ആക്ടിവിറ്റി പബ്ബിൽ ലഭ്യമാകാനുള്ള തയ്യാറെടുപ്പുകൾ ടംബ്ലർ പോലെയുള്ള പല പ്രധാനപ്പെട്ട ആപ്പുകളും ഇപ്പോൾത്തന്നെ ആരംഭിച്ചുകഴിഞ്ഞു.
ഇൻസ്റ്റഗ്രാം ത്രെഡ്‌സ് ആൻഡ്രോയ്ഡിലും iOS ലും ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും ഉപയോഗിച്ച് ത്രെഡ്സ് ഡൗൺലോഡ് ചെയ്യാനാകും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഇൻസ്റ്റഗ്രാം ഐ ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാതെ ത്രെഡ്‌സ് അക്കൗ ണ്ടും ഡിലീറ്റ് ചെയ്യാനാകില്ല. അതേസമയം അക്കൗണ്ട് നിലനിർത്തിക്കൊണ്ട് ത്രെഡ്‌സ് താത്കാലികമായി ഡീആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.